28 March 2024 Thursday

സോഷ്യല്‍മീഡിയ ഉപയോഗം മിതപ്പെടുത്തണമെന്ന ആവശ്യവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ckmnews

സോഷ്യല്‍മീഡിയ ഉപയോഗം മിതപ്പെടുത്തണമെന്ന ആവശ്യവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ദുരുപയോഗം തടയുന്നതിനും ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കുന്നതിനും അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുന്നതിനും സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. കര്‍ഷകസമരത്തിന്‍റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചില തീവ്ര ക്യാംപെയ്നുകളുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച്‌ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച ചില ട്വിറ്റര്‍ അക്കൗണ്ടുകള്‍ പിന്‍വലിക്കുകയും എന്നാല്‍ അധികം വൈകാതെ തന്നെ പുനസ്ഥാപിക്കുകയും ചെയ്ത വിഷയം പ്രതിപാദിച്ചു കൊണ്ടാണ് ഉള്ളടക്കത്തില്‍ മിതത്വം പാലിക്കുക എന്നതാണ് മറ്റുള്ളവരെ വ്രണപ്പെടുത്താതെ സോഷ്യല്‍ മീഡിയ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാന്‍ തീവ്ര നിലപാടുകള്‍ സ്വീകരിക്കരുതെന്നും ഉപരാഷ്ട്രപതി പറഞ്ഞു. സോഷ്യല്‍ മീഡിയ നിയന്ത്രിക്കുന്നതിനെ താന്‍ എതിര്‍ക്കുന്നുവെന്ന് വാദിച്ച നായിഡു, ഇത്തരം ഫലപ്രദമായ പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗം ചെയ്യരുതെന്നും അവയെ യുദ്ധവേദിയാക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.