29 March 2024 Friday

ലോക്ക്ഡൗണിനിടെ ബക്കറ്റ് ചിക്കന്‍, അഞ്ചു യുവാക്കള്‍ പോലീസ് പിടിയില്‍

ckmnews




പരപ്പനങ്ങാടി: ലോക്ക്ഡൗണിനിടെ കൂട്ടം കൂടി ബക്കറ്റ് ചിക്കന്‍ തയ്യാറാക്കിയ യുവാക്കളെ പരപ്പനങ്ങാടി പോലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി നടത്തിയ തിരച്ചിലിലാണ് യുവാക്കൾ കൂട്ടം കൂടി ബക്കറ്റ് ചിക്കൻ തയ്യാറാക്കുന്നത് കണ്ടത്. പോലീസിനെ കണ്ടതും യുവാക്കളിൽ ഒരാൾ ഓടിപ്പോയി. അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.


തുടര്‍ച്ചയായി ലോക്ക്ഡൗണ്‍ ലംഘനം നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് പരപ്പനങ്ങാടി ഉള്ളണം കൊടക്കാട് ആനങ്ങാടി എന്നിവിടങ്ങളില്‍ പരപ്പനങ്ങാടി പോലീസ് ഡ്രോണ്‍ നിരീക്ഷണം നടത്തിയിരുന്നു. പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹണി കെ. ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.


"ഡ്രോണ്‍ കാമറ വഴി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആകാശനിരീക്ഷണത്തിൽ വാറ്റ് നടത്തിയതിന്റെയും മറ്റ് പാചകങ്ങൾ നടത്തിയതിന്റെയും ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച മേഖലയിൽ രാത്രി പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ബക്കറ്റ് ചിക്കൻ തയ്യാറാക്കുന്ന ആറംഗ സംഘത്തെ കണ്ടത്," സിഐ പറഞ്ഞു.


പോലീസിനെ കണ്ട് പലരും ഓടി രക്ഷപ്പെട്ടു. അഞ്ച് പേരെയാണ് പിടികൂടാനായത്. ഇവര്‍ക്കെതിരേ ലോക്ക്ഡൗണ്‍ ലംഘനത്തിന് കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.


ലോക്ക്ഡൗണ്‍ കാലത്തെ പരീക്ഷണ വിഭവങ്ങളില്‍ യുട്യൂബില്‍ ട്രെന്‍ഡിങ്ങിലായ വിഭവങ്ങളിലൊന്നാണ് ബക്കറ്റ് ചിക്കന്‍.