28 March 2024 Thursday

ഉത്തരാഖണ്ഡിലെ ദുരന്തത്തില്‍ മരണം 36 ആയി; രണ്ടുപേരെ ജീവനോടെ കണ്ടെത്തി, 204 പേര്‍ ഇപ്പോഴും കാണാമറയത്ത്

ckmnews

ചമോലി: ഉത്തരാഖണ്ഡിലെ നന്ദാദേവി പര്‍വതത്തില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തില്‍ ഇതുവരെ 36 പേര്‍ മരണമടഞ്ഞതായി ചമോലി ജില്ലാ മജിസ്‌ട്രേറ്റ് സ്വാതി ഭദോരിയ അറിയിച്ചു. രണ്ടുപേരെ ജീവനോടെ കണ്ടെത്താനായി. എന്നാല്‍ 204 പേര്‍ ഇപ്പോഴും കാണാമറയത്താണ്. രണ്ട് പേരെ കണ്ടെത്താനായത് രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പ്രതീക്ഷ നല്‍കുന്നുവെന്നും അവര്‍ അറിയിച്ചു.

മുപ്പത്പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് കരുതുന്ന തപോവന്‍ ടണലില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചതായി രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. നേരത്തെ ധൂളിഗംഗാ നദിയില്‍ വെള‌ളപ്പൊക്കമുണ്ടായതുകൊണ്ട് രക്ഷാപ്രവര്‍ത്തനം നിര്‍‌ത്തിവച്ചിരുന്നു. തുരങ്കങ്ങളില്‍ കുടുങ്ങിയവര്‍ക്ക് വേണ്ടി ഓക്‌സിജന്‍ നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്. പ്രധാന ടണല്‍ 1.5 കിലോമീ‌റ്റര്‍ നീളമുള‌ളതാണ്. ഇതിന് താഴെയായി മ‌റ്റ് ടണലുകളിലും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതുന്നത്.

ഇന്‍ഡോ-ടിബ‌റ്റന്‍ ബോര്‍ഡര്‍ പൊലീസ്(ഐടിബിപി), ദേശീയ ദുരന്ത രക്ഷാ സേന(എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത രക്ഷാ സേന(എസ്ഡിആര്‍എഫ്) എന്നിവയും സൈന്യവും ഒത്തുചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വ്യാഴാഴ്‌ച സ്ഥലത്ത് വെള‌ളപ്പൊക്കം ഉണ്ടാകുന്നതിന് മുന്‍പ് ടണലില്‍ 120 മീ‌റ്റര്‍ വരെ രക്ഷാസൈന്യം വൃത്തിയാക്കിയിരുന്നു. 180 മീ‌റ്റര്‍ ഉള‌ളില്‍ വരെ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടാകാം എന്നാണ് കരുതുന്നതെന്ന് രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു.