29 March 2024 Friday

പൊലീസ് സ്റ്റേഷനിൽനിന്നും ഓടി രക്ഷപ്പെട്ട അവതാർ ഗോൾഡ് എംഡി പിടിയില്‍ അവതാർ ഗോൾഡ് കേസ് പ്രതി തൃത്താല സ്വദേശിയാണ് പിടിയിലായത്

ckmnews


കേസിന്റെ നടപടികൾക്കായി ചാവക്കാട്  പൊലീസ് സ്റ്റേഷനിൽ നിൽക്കുന്നതിനിടെ പൊലീസുകാരെ തട്ടിമാറ്റി കടന്നുകളഞ്ഞ അവതാർ ഗോൾഡ് മാനേജിങ് ഡയറക്ടർ തൃത്താല ഊരത്തൊടിയിൽ അബ്ദുല്ലയെ (57) അറസ്റ്റ് ചെയ്തു. 2020 നവംബർ 7നാണ്  സ്റ്റേഷനു മുന്നിൽ കാത്തു കിടന്ന കാറിൽ പ്രതി രക്ഷപ്പെട്ടത്. പിടിക്കാനെത്തിയ ചാവക്കാട് സ്റ്റേഷനിലെ സിപിഒ നന്ദന് (44) പരുക്കേറ്റിരുന്നു. വിവിധ ഷോറൂമുകളിൽ നിക്ഷേപിച്ച കോടിക്കണക്കിന് രൂപയും സ്വർണവും തട്ടിച്ച കേസുമായി ബന്ധപ്പെട്ടാണ് പ്രതിയെ ചാവക്കാട് സ്റ്റേഷനിലെത്തിച്ചത്.


ഇവിടെ 13 കേസുകളുണ്ട്. ഹൈക്കോടതിയിൽ നിന്നു ജാമ്യമെടുത്ത അബ്ദുല്ലയെ സ്റ്റേഷനകത്ത് നിർത്തി നടപടിക്രമങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്.കുന്നംകുളം സ്റ്റേഷനിലെ മറ്റൊരു കേസിൽ തനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് ഉണ്ടെന്നു മനസിലാക്കിയ പ്രതി ഇറങ്ങിയോടുകയായിരുന്നു. സ്റ്റേഷനു മുന്നിലേക്ക് ഓടിച്ചുവന്ന കാറിന്റെ ഡോർ തുറന്നു  ചാടിക്കയറി.  പൊലീസുകാരായ നന്ദൻ, ശരത്ത്, വിബിൻ എന്നിവർ കാർ തടയാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുറന്നുകിടന്ന ഡോറിൽ  പൊലീസ് കയറിപിടിച്ചെങ്കിലും കാർ ഗുരുവായൂർ കുന്നംകുളം റോഡിലൂടെ ഓടിച്ചുപോയി. ഇതിനിടയിലാണ് നന്ദനു പരുക്കേറ്റത്. എസ്എച്ച്ഒ അനിൽ ടി മേപ്പിള്ളി, എസ്ഐ സി.കെ.നൗഷാദ്, എഎസ്ഐ മാരായ സജിത്ത്, ബാബു, ആഷിഖ്, ശരത്ത്, മിഥുൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.