28 March 2024 Thursday

ചാലിശ്ശേരി ജി.എച്ച്എസ് എസ് സ്കൂളിലെ കിണർ മണ്ണ് ഉപയോഗപ്പെടുത്തി നൂറ് മേനി കൃഷി ചെയ്യാൻ എൻഎസ് എസ് വളണ്ടിയന്മാർ

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വളണ്ടിയന്മാർ  കിണർ നിർമ്മാണത്തിലൂടെ ലഭിക്കുന്ന മണ്ണ്  ജൈവകൃഷിക്കായി ഉപയോഗപ്പെടുത്തുന്നത് വേറിട്ട കാഴ്ചയാകുന്നു.പ്ലസ് ടു വിഭാഗം വിദ്യാർത്ഥികൾക്ക്  ശുദ്ധജലത്തിനു വേണ്ടി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  ശനിയാഴ്ച പ്ലസ് ടു കോമ്പൗണ്ടിൽ കിണർ നിർമ്മാണം  ആരംഭിച്ചത്. പ്ലസ് വൺ എൻ എസ് എസ് വിദ്യാർത്ഥികളാണ്  അദ്ധ്യാപകരുടെ സഹകരണത്തോടെ കിണർ നിർമ്മാണത്തിലൂടെ ലഭിച്ച    മണ്ണ്  പച്ചക്കറി കൃഷിക്കായി ഉപയോഗിക്കുന്നത്.പ്ലസ് ടു വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ നടക്കുന്നതിനാൽ ഒന്നാം വർഷത്തിലെ  അമ്പതോളം വളണ്ടിയന്മാരിൽ   25 പേർ വീതമാണ് ഒരോ ദിവസം മാറി  കൃഷി പണിയിൽ  സജീവമാകുന്നത്.കിണർ മണ്ണ് അരിപ്പയിൽ അരിച്ച ശേഷം  ചാണകപ്പൊടിയും , ചകിരിചോറും സമം ചേർത്ത്  ഗ്രോബാഗുകളിൽ നിറച്ചാണ് വിഷ രഹിതമായ പച്ചക്കറി കൃഷി ചെയ്യുന്നത്.ഇരുന്നൂറോളം വലിയ  ഗ്രോബാഗുകളിലായി വിവിധ തരം പച്ചക്കറികൾ  സ്കൂൾ ബിൽഡിംഗിൻ്റെ മട്ടുപ്പാവിൽ ഒരുക്കാനുള്ള തിടുക്കത്തിലാണ് വിദ്യാർത്ഥികൾ .ബാക്കി വരുന്ന മണ്ണ് പ്ലസ് ടു വിഭാഗം ക്യാപസിലെ താഴ്ന്ന സ്ഥലങ്ങളിലും ,  ചെടി ചട്ടികളിലും  മറ്റുമായി  നിറക്കാനാണ് സ്കൂൾ അധികൃതരുടെ പദ്ധതി.മണ്ണ് നിറച്ചു കഴിഞ്ഞാൽ ഹയർസെക്കണ്ടറി ക്യാംപസിൽ  കൂടുതൽ പച്ചക്കറി കൃഷി ഉൽപാദിപ്പിക്കുവാനും , മനോഹരങ്ങളായ പൂ ചെടികൾ  ഉണ്ടാക്കുവാനുമാണ്  ലക്ഷ്യമെന്ന് പ്രിൻസിപ്പാൾ ഗീതാ ജോസഫ് പറഞ്ഞു.അദ്ധ്യാപകരായ തോമസ് സെബാസ്റ്റിൻ , സജീവ് കുമാർ ,ബേബിഷീബ  പ്രോഗ്രാം ഓഫീസർ നിമ്മിഭായ് , എൻ എസ് എസ് ലീഡർമാരായ എ.യു. മുഹമ്മദ് നിഹാൻ , കെ.ആർ ജിഷ്ണ എന്നിവരാണ് കൃഷിക്ക്  നേതൃത്വം നൽകുന്നത്.