24 April 2024 Wednesday

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ്; 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ നാല് പേര്‍ക്കാണ് കൊവഡ്, കോഴിക്കോട് രണ്ട് , കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ കണക്ക്. ഇരുപത്തേഴ് പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ ഭേദമായത്. അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേർ സമ്പർക്കം മൂലം വന്നതുമാണ്.



 ഇതുവരെ 394 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 147 പേർ ഇപ്പോൾ ചികിത്സയിലാണ്. 88855 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 88332 പേരും ആശുപത്രികളിൽ 532 പേരും ഉണ്ട്. ഇന്ന് മാത്രം 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 17400 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 16459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. അതേസമയം രേഗം ഭേദമായവരുടെ എണ്ണത്തിലുണ്ടാകുന്ന വലിയ വര്‍ദ്ധന കേരളത്തിന് വലിയ ആശ്വാസമാണ്. കാസര്‍കോട് ജില്ലയിൽ നിന്ന് മാത്രം ഇന്ന് കൊവിഡ് ഭേദമായത് 24 പേർക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. പ്രതിരോധ പ്രവർത്തനങ്ങളുടെ ഗുണഫലമാണിത്.



ബ്രിട്ടീഷ് എയർവേയ്സിന്റെ പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നും 268 പേർ ബ്രിട്ടനിലേക്ക് പോയി. ഇവരിൽ കൊവിഡ് സ്ഥിരീകരിച്ച ഏഴ് പേരുണ്ട്. സംസ്ഥാനം കൊവിഡിനെ പ്രതിരോധിക്കുന്നതിൽ ഉണ്ടാക്കിയ നേട്ടത്തിന്റെ സൂചനയാണിത്. അവർ കേരളത്തിന് പ്രത്യേക നന്ദി അറിയിച്ചു. ഒപ്പം നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലിക്കിടെ കൊവിഡ് ബാധിച്ച രണ്ട് പേർക്ക് ഇന്ന് രോഗം ഭേദമായി.


അതിനിടെ സംസ്ഥാനത്ത് ലോക്ക് ഡൗണിന് തിങ്കളാഴ്ച മുതൽ കൂടുതൽ ഇളവുകൾ നൽകുന്നതിനെ കുറിച്ചും ധാരണയായി. ഇക്കാര്യം സംസ്ഥാന മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തു,



ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ച പൊതുനിയന്ത്രണങ്ങളാകെ സംസ്ഥാനം പൂർണ്ണമായ തോതിൽ അംഗീകരിച്ച് നടപ്പാക്കും. ഹോട്ട്സ്പോട്ട് അല്ലാത്ത ജില്ലകളിൽ ഏപ്രിൽ 20 മുതൽ കേന്ദ്രം ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ ബാധകമായ നിയന്ത്രണങ്ങൾ, വിമാനയാത്ര, ട്രെയിൻ ഗതാഗതം, മെട്രോ, പൊതുഗതാഗതം എന്നിവ പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനം വിട്ടുള്ള യാത്രയും ജില്ല വിട്ടുള്ള യാത്രയ്ക്കും നിയന്ത്രണമുണ്ട്.



വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിശീലന കേന്ദ്രങ്ങളെല്ലാം പ്രവർത്തനം നിർത്തി. ആരാധനാലയങ്ങൾ, സിനിമാശാലകൾ, പൊതുസ്ഥലങ്ങൾ എല്ലാം നിയന്ത്രണത്തിലുണ്ട്. ഇവയെല്ലാം സംസ്ഥാനത്ത് തുടരും. സംസ്ഥാന അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തേക്കോ അകത്തേക്കോ ആർക്കും സഞ്ചരിക്കാനാവില്ല. അന്തർ ജില്ലാ യാത്രകളും നിരോധിച്ചിട്ടുണ്ട്. ഇത് രണ്ടും തുടരും.



കേന്ദ്ര പട്ടികയനുസരിച്ച്, കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് ഹോട്ട്സ്പോട്ട്. കൊവിഡ് പോസിറ്റീവായി ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം കണക്കാക്കിയാൽ കാസർകോട് 61, കണ്ണൂർ 45, മലപ്പുറം ഒൻപത് എന്നിങ്ങനെയാണുള്ളത്. ഈ മൂന്ന് ജില്ലകൾ കഴിഞ്ഞാൽ സംസ്ഥാനത്ത് പോസിറ്റീവ് കേസ് ഒൻപതെണ്ണമുള്ള കോഴിക്കോട് നാലാമതാണ്. ഇവ നാലും ചേർത്ത് ഒരു മേഖലയാക്കുന്നതാണ് എന്ന അഭിപ്രായം സംസ്ഥാനത്തിനുണ്ട്. ഇത് കേന്ദ്ര സർക്കാരിനെ അറിയിക്കും.



കേന്ദ്രത്തിന്‍റെ അംഗീകാരത്തോടെ അത് നടപ്പാക്കും. ഈ നാല് ജില്ലകളിലും ലോക്ക് ഡൗൺ ഇളവില്ലാതെ തുടരേണ്ട സാഹചര്യമാണ്. മെയ് മൂന്ന് വരെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കർശനമായി തുടരും. ഇതിൽ കോഴിക്കോട് കൂടി ഉൾപ്പെടുത്താൻ മറ്റ് പ്രശ്നങ്ങളില്ല. ഈ കാറ്റഗറിയിൽ മറ്റ് ചില ജില്ലകൾ നേരത്തെ കേന്ദ്രം ഹോട്ട്സ്പോട്ടായി പെടില്ല എന്നതിന് പ്രത്യേക അനുമതി വാങ്ങണം.



നാല് ജില്ലകളെ പ്രത്യേക കാറ്റഗറിയാക്കാനുള്ള അനുമതിയാണ് വാങ്ങേണ്ടത്. ഈ മേഖലയിൽ തീവ്ര രോഗബാധയുള്ള സ്ഥലങ്ങൾ പ്രത്യേകം കണ്ടെത്തും. ആ വില്ലേജുകളുടെ അതിർത്തിയടക്കും. എൻട്രി, എക്സിറ്റ് വഴികളൊഴികെ ബാക്കിയെല്ലാം അടക്കും. അവശ്യ സേവനങ്ങൾ ഈ വഴികളിലൂടെ എത്തിക്കും.



ആറ് പോസിറ്റീവ് കേസുള്ള പത്തനംതിട്ട, മൂന്ന് പോസിറ്റീവ് കേസുള്ള എറണാകുളം, അഞ്ച് കേസുള്ള കൊല്ലം എന്നീ ജില്ലകളാണ് അടുത്തത്. എറണാകുളവും പത്തനംതിട്ടയും ഹോട്ട്സ്പോട്ട് ജില്ലകളാണ്. ഇവയിൽ പോസിറ്റീവ് കേസുകൾ കുറവായതിനാലാണ് ആദ്യ ജില്ലകളിൽ നിന്ന് വ്യത്യസ്തമായി ഇവയെ കണക്കാക്കുന്നത്. ഇവിടങ്ങളിൽ ഏപ്രിൽ 24 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരും. ഹോട്ട്സ്പോട്ട് കണ്ടെത്തി ഈ ജില്ലകളിലും അടച്ചിട്ടും. ഏപ്രിൽ 24 കഴിഞ്ഞാൽ സാഹചര്യം അനുകൂലമാണെങ്കിൽ ചില ഇളവുകൾ അനുവദിക്കും.



മൂന്നാമത്തെ മേഖലയായി നിർദ്ദേശിക്കുന്നത് ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളാണ്. തിരുവനന്തപുരം ജില്ല ഹോട്ട്സ്പോട്ടാണ്. എന്നാലിവിടെ രണ്ട് പേർ മാത്രമാണ് പോസിറ്റീവായി നിൽക്കുന്നത്. ഇവിടെ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. മറ്റ് നിയന്ത്രണങ്ങൾ ഇവിടെയും ബാധകമാകും. സിനിമാശാലകൾ, ആരാധനാലയങ്ങൾ എല്ലാം ഒരേനിലയിലാവും. ആൾക്കൂട്ടം ഇവിടെയും പൂർണ്ണമായി നിരോധിക്കും. ഇവിടങ്ങളിലെ ഹോട്ട്സ്പോട്ടുകൾ അടച്ചിടും. അതോടൊപ്പം ചികടകൾ, ഹോട്ടലുകൾ എന്നിവ വൈകുന്നേറരം ഏഴ് മണി വരെ അനുവദിക്കും. കോട്ടയത്തും ഇടുക്കിയിലും പോസിറ്റീവ് കേസില്ല. ഇവ മറ്റൊരു മേഖലയായി പരിഗണിക്കും. ഇടുക്കിയിലെ അതിർത്തികൾ പൂർണ്ണമായും അടക്കും. ജില്ലവിട്ടുള്ള യാത്രകൾ അനുവദിക്കില്ല. ആവശ്യമായ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കും. എന്നാൽ കൂട്ടംകൂടൽ അടക്കമുള്ള നിയന്ത്രണങ്ങൾ ഇവിടെയും ബാധകമായിരിക്കും. എവിടെയായാലും പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണം. സാനിറ്റൈസർ കരുതണം. കൊവിഡ് പ്രതിരോധ നടപടികൾ വിജയിപ്പിക്കാൻ ഓരോ ജില്ലയ്ക്കും പ്രത്യേക പ്ലാനുണ്ടാക്കും. വികേന്ദ്രീകൃതമായി ഇവ നടപ്പാക്കും.



ഹോട്ട്സ്പോട്ട് മേഖലയിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക പ്ലാനുണ്ടാകണം. രോഗമുക്തരായി ആശുപത്രി വിടുന്നവരും കുടുംബാംഗങ്ങളും ആശുപത്രി വിട്ടാലും 14 ദിവസം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. മറ്റുള്ളവരുമായി സമ്പർക്കം പുലർത്തരുത്. തദ്ദേശ സ്ഥാപന തലത്തിൽ ഇവരെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തും.



സാധാരണ ജീവിത്തിന് ചിലയിടത്ത് ഇളവുകൾ നൽകണം. ക്രയവിക്രയ ശേഷി വർധിച്ചാലേ ആളുകൾക്ക് വരുമാനം ലഭിക്കൂ. തൊഴിൽ മേഖല സജീവമാക്കണം. അതിനായി കേന്ദ്രം നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഹോട്ട്സ്പോട്ട് പ്രദേശങ്ങൾ ഒഴികെ മറ്റിടങ്ങളിൽ സുരക്ഷാ മാനദണ്ഡം പാലിച്ച് നിർമ്മാണ മേഖലയിൽ പ്രവർത്തനം അനുവദിക്കു. ശാരീരിക അകലം പാലിക്കണം. തൊഴിൽ സ്ഥലത്ത് തൊഴിലാളികളുടെ ആരോഗ്യപരിശോധന നിർബന്ധം. തൊഴിൽ നടത്തിക്കുന്ന ആളിനാണ് ഇതിന്റെ ചുമതല. വ്യവസായ മേഖലയിൽ കഴിയാവുന്നത്ര പ്രവർത്തനം ആരംഭിക്കണം. കേന്ദ്ര മാനദണ്ഡം അനുസരിച്ചാവും ഇത്.



കയർ കശുവണ്ടി, കൈത്തറി, ഖാദി ഇവയിലും പ്രവർത്തനം പുനരാരംഭിക്കണം. ഹോട്ട്സ്പോട്ട് അല്ലാത്തിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കണം. ഇവിടങ്ങളിൽ പ്രത്യേക എൻട്രി പോയിന്റ് വേണം. ജീവനക്കാർക്ക് ആരോഗ്യപ്രശ്നം ഇല്ലെന്ന് ഉറപ്പാക്കണം. പ്രത്യേക താമസ സൗകര്യം ഇല്ലാത്തവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തണം. കൂടുതൽ പേരുള്ള ഇടങ്ങളിൽ ഒരവസരത്തിൽ 50 ശതമാനത്തിൽ കൂടുതൽ പേരെ ജോലി ചെയ്യിക്കരുത്. ഇവിടങ്ങളിൽ ഷിഫ്റ്റ് സമ്പ്രദായം ഒരുക്കാം.



റബ്ബർ സംസ്കരണ യൂണിറ്റുകൾക്ക് പ്രവർത്തന അനുമതി നൽകും.