23 April 2024 Tuesday

നരണിപ്പുഴ ഷാനവാസിന്‍റെ ആദ്യ തിരക്കഥ വിജയ് ബാബു സിനിമയാക്കുന്നു

ckmnews

നരണിപ്പുഴ ഷാനവാസിന്‍റെ ആദ്യ തിരക്കഥ വിജയ് ബാബു സിനിമയാക്കുന്നു



അന്തരിച്ച സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് ആദ്യമായി എഴുതിയ തിരക്കഥയായ സൽമ സിനിമയാക്കാന്‍ നടനും നിർമാതാവുമായ വിജയ് ബാബു. ഷാനവാസിനെ അനുസ്‍മരണത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് വിജയ് ബാബു ചിത്രം പ്രഖ്യാപിച്ചത്. ഷാനവാസിന്‍റെ ഭാര്യ അസു ഷാനവാസും മകനും ചേര്‍ന്ന് തിരക്കഥയുടെ പകര്‍പ്പ് വിജയ് ബാബുവിന് കൈമാറി.


‘ഷാനവാസുമായി അടുപ്പമുള്ള ഏതാനും പേരുടെ ഒരു കൂട്ടായ്മ ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്നു. എന്‍റെ അഭ്യര്‍ഥന പ്രകാരം ഷാനവാസിന്‍റെ ആദ്യ തിരക്കഥയായ 'സല്‍മ' അദ്ദേഹത്തിന്‍റെ ഭാര്യ അസു ഷാനവാസ് എനിക്കു കൈമാറുകയുണ്ടായി. സല്‍മ സിനിമയാക്കാനുള്ള എല്ലാ ശ്രമങ്ങളും എന്‍റെ ഭാഗത്തുനിന്ന് നടത്തും. അതിൽ നിന്നുള്ള. ലാഭത്തിന്‍റെ ഒരു വിഹിതം ഷാനവാസിന്‍റെ കുടുംബത്തിനു നല്‍കും. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.’– വിജയ് ബാബു പറഞ്ഞു. ഫിയും സുജാതയും, കരി എന്നിവയാണ് ഷാനവാസ് ഒരുക്കിയ സിനിമകള്‍. ഷാനവാസ് ഡിസംബര്‍ 23നാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.


വിജയ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ഷാനവാസിന്‍റെ പേരില്‍ ഷോര്‍ട്ട് ഫിലിം സംവിധായകര്‍ക്കായി ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതായുള്ള തീരുമാനവും അറിയിച്ചിട്ടുണ്ട്. അഞ്ച് മിനിറ്റില്‍ കൂടാത്ത ഹ്രസ്വചിത്രങ്ങളാണ് ഈ മത്സരത്തിനായി അയക്കേണ്ടത്. തെരഞ്ഞെടുക്കുന്ന ഹ്രസ്വചിത്രങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ യുട്യൂബ് ചാനലിലൂടെ പ്രദര്‍ശിപ്പിക്കുകയും മികച്ച ഹ്രസ്വചിത്രത്തിന്‍റെ സംവിധായകന് നരണിപ്പുഴ ഷാനവാസ് അവാര്‍ഡിനൊപ്പം ഫ്രൈഡേ ഫിലിം ഹൗസിനു മുന്നില്‍ ഒരു ഫീച്ചര്‍ ഫിലിമിന്‍റെ തിരക്കഥ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കുമെന്നും അറിയിച്ചിരിക്കുകയാണ്.