25 April 2024 Thursday

പെരുമ്പടപ്പില്‍ വന്നേരി സ്കൂളിലും മാറഞ്ചേരി സ്കൂളിലുമായി 256 പേര്‍ക്ക് കോവിഡ് സ്‌കൂളുകളും അടച്ചുപൂട്ടി

ckmnews


പെരുമ്പടപ്പില്‍ വന്നേരി സ്കൂളിലും മാറഞ്ചേരി സ്കൂളിലുമായി 256 പേര്‍ക്ക് കോവിഡ്


മാറഞ്ചേരി മുക്കാല സ്കൂളില്‍ മാത്രം148 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം രണ്ട് സ്കൂളുകള്‍ അടച്ച് പൂട്ടി


ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ളോക്കിലെ  വന്നേരി ഹൈസ്കൂളിലും മാറഞ്ചേരി മുക്കാല ഹയര്‍ സെക്കണ്ടറി  സ്കൂളിലുമായി നടത്തിയ കോവിഡ് പരിശോധനയില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും അടക്കം 256 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മാറഞ്ചേരി മുക്കാല സ്കൂളില്‍ പത്താം തരം വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും ജീവനക്കാരിലുമായി വെള്ളിയാഴ്ച നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന ഫലം വന്നതോടെയാണ് 148 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകരും ജീവനക്കാരുമായ 39 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്.582 പേരിലാണ് ഇവിടെ പരിശോധന നടത്തിയത്.


വന്നേരി സ്കൂളില്‍ 53 വിദ്യാര്‍ത്ഥികളിലും 33 അധ്യാപകരിലും നടത്തിയ പരിശോധനയില്‍ മുഴുവന്‍ അധ്യാപര്‍ക്കും  43 വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.മൊത്തം 76 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.


 കോവിഡ്സ്ഥിരീകരിച്ചവരില്‍ മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലും തൃശ്ശൂര്‍ ജില്ലയിലെ വടക്കേകാട് മേഖലയിലും ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.മാറഞ്ചേരി സ്‌കൂളിലെ പ്ലസ് ടു വിഭാഗത്തിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സാമ്പിള്‍ പരിശോധനയ്ക്ക് ഇതുവരെ എടുത്തിട്ടില്ല. തിങ്കളാഴ്ച സാമ്പിള്‍ എടുക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.


നിലവില്‍ കോവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ഥികളും അധ്യാപകരും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.


രണ്ടുദിവസം മുമ്പ് വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട അധ്യാപകരും വിദ്യാര്‍ഥികളും ഇതിനോടകം നിരീക്ഷണത്തില്‍ പോയിട്ടുണ്ട്. വരുംദിവസങ്ങളിള്‍ മറ്റു വിദ്യാലയങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് ആലോചിക്കുന്നു.