29 March 2024 Friday

പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി; സണ്ണി ലിയോണിനെ കൊച്ചി ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

ckmnews

ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പണം വാങ്ങി വഞ്ചിച്ചെന്ന പെരുമ്ബാവൂര്‍ സ്വദേശിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് നടിയെ ചോദ്യം ചെയ്തത്.

ഡിവൈഎസ്‌പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂവാറില്‍ വച്ച്‌ സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്. 2016 മുതല്‍ കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 12 തവണയായി 29 ലക്ഷം രൂപ സണ്ണി ലിയോണ്‍ തട്ടിയെടുത്തെന്നാണ് പരാതി. പ്രോഗ്രാം കോര്‍ഡിനേറ്ററായ ഷിയാസാണ് പരാതി നല്‍കിയത്.

അതേസമയം, പരാതിയില്‍ വാസ്തവമില്ലെന്ന നിലപാടിലാണ് സണ്ണി ലിയോണ്‍. അഞ്ച് തവണ പരിപാടി മാറ്റിവച്ചുവെന്നും സംഘാടകരുടേതാണ് വീഴ്ചയെന്നും സണ്ണി ലിയോണ്‍ മൊഴി നല്‍കിയിട്ടുണ്ട്. പരിപാടി സംഘടിപ്പിച്ചാല്‍ പങ്കെടുക്കാന്‍ തയാറാണെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കി.

സണ്ണി ലിയോണ്‍ കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിലുണ്ട്. സ്വകാര്യ ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനായാണ് നടി തിരുവനന്തപുരത്തെത്തിയത്. ഭര്‍ത്താവും മക്കളും സണ്ണിക്കൊപ്പമുണ്ട്. ഒരു മാസത്തോളം നടി കേരളത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.