28 March 2024 Thursday

കാര്‍ഷിക നിയമം ഭേദഗതി ചെയ്യാന്‍ തയ്യാർ സമരംചെയ്യുന്നത് ഒരു സംസ്ഥാനത്തുള്ളവര്‍ മാത്രമെന്ന്- തോമര്‍

ckmnews

കാര്‍ഷിക നിയമം ഭേദഗതി ചെയ്യാന്‍ തയ്യാർ


 സമരംചെയ്യുന്നത് ഒരു സംസ്ഥാനത്തുള്ളവര്‍ മാത്രമെന്ന്- തോമര്‍


ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നത് ഒരു സംസ്ഥാനത്തെ കർഷകർ മാത്രമാണെന്നും അവരെ സമരത്തിന് പ്രേരിപ്പിക്കുകയാണെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ പോരായ്മയുണ്ടെന്ന് ചൂണ്ടിക്കാണിക്കാൻ കർഷക പ്രസ്ഥാനങ്ങൾക്ക് സാധിച്ചില്ലെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.


നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരാൻ സർക്കാർ തയ്യാറാണ്. അതിനർഥം കാർഷിക നിയമത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്നല്ല. ഒരു പ്രത്യേക സംസ്ഥാനത്തെ കർഷകരാണ് സമരം ചെയ്യുന്നത്. അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണ്. കാർഷിക നിയമം പ്രാവർത്തികമാക്കിയാൽ അവരുടെ കൃഷിഭൂമി മറ്റുള്ളവർ കൈയ്യടക്കുമെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും തോമർ പറഞ്ഞു.


കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള പോരായ്മയുണ്ടെന്ന് വ്യക്തമാക്കാൻ കർഷക പ്രസ്ഥാനങ്ങൾക്കോ പ്രതിപക്ഷത്തിനോ സാധിച്ചിട്ടില്ല. സർക്കാരും പ്രധാനമന്ത്രി മോദിയും കർഷകരുടെ ക്ഷേമത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്. ഇതൊരു അഭിമാനപ്രശ്നമായി സർക്കാർ കാണുന്നില്ല. കാർഷിക നിയമങ്ങളിൽ എന്താണ് പ്രശ്നമെന്നാണ് ഞങ്ങളുടെ ചോദ്യം. അതിനാരും ഉത്തരം നൽകുന്നില്ല, തോമർ പറഞ്ഞു.


കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം പാർലമെന്റിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. സമരം ചെയ്യുന്ന കർഷകരെ നേരിടാൻ കിടങ്ങുകൾ കുഴിക്കുന്നതും മുള്ളുകമ്പികൾ നിരത്തുന്നതും അടക്കമുള്ള സർക്കാരിന്റെ നടപടികൾ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു.