ട്രോള്‍ വീഡിയോ ഹിറ്റാക്കന്‍ മനപ്പൂര്‍വ്വം വാഹനമിടിപ്പിച്ചു; യുവാക്കള്‍ക്കെതിരെ നടപടി

ആലപ്പുഴ ; ട്രോള്‍ വിഡിയോ ഹിറ്റാക്കാന്‍ ബൈക്ക് യാത്രികരെ മനപ്പൂര്‍വം വാഹനമിടിപ്പിച്ച യുവാക്കള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. വിഡിയോ ചിത്രീകരണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതാണ് വിനയായത്. അഞ്ചുപേരുടെ ലൈസന്‍സും വാഹനത്തിന്റെ ആര്‍സിയും മോട്ടോര്‍ വാഹനവകുപ്പ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
ആലപ്പുഴ തൃക്കുന്നപുഴയിലാണ് ട്രോള്‍ വിഡിയോ പിറന്നത്. സ്വാഭാവിക അപകടം എന്നുകരുതി സമൂഹ മാധ്യമങ്ങളില്‍ ആളുകള്‍ കണ്ടു ചിരിച്ചു. എന്നാല്‍ പിന്നീടാണ് അറിയുന്നത് ഇത് മനപ്പൂര്‍വം ഉണ്ടാക്കിയ അപകടമാണെന്ന്.
മഹാദേവികാട് സ്വദേശികളായ ആകാശ്, ശിവദേവ് എന്നിവര്‍ സഞ്ചരിച്ച ആഡംബര ബൈക്കാണ് വയോധികന്‍ പിന്നിലിരുന്നു സഞ്ചരിച്ച മറ്റൊരു ബൈക്കില്‍ ഇടിച്ചത്. സുജീഷ്, അഖില്‍, ശരത് എന്നിവരടക്കം ബാക്കിയുള്ളവര്‍ ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് കായംകുളം സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ആസൂത്രണം പൊളിഞ്ഞത്. ഈ യുവാക്കളില്‍ ചിലര്‍ നേരത്തെയും അമിതവേഗതയില്‍ ബൈക്ക് ഓടിച്ച് അപകടം ഉണ്ടാക്കിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.