28 March 2024 Thursday

നിലപാട് കടുപ്പിച്ച് കര്‍ഷകര്‍; ആറാം തീയതി രാജ്യവ്യാപക പ്രതിഷേധം, റോഡ് തടയും

ckmnews



ന്യൂഡല്‍ഹി: നിലപാട് കടുപ്പിച്ച് കര്‍ഷകര്‍. ഫെബ്രുവരി ആറിന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാന്‍(ആര്‍) പ്രതിനിധി ബല്‍ബീര്‍ സിങ് രാജേവാല്‍ പറഞ്ഞു. ആറാം തീയതി ഉച്ചയ്ക്ക് 12 മണിക്കും മൂന്നുമണിക്കും ഇടയില്‍ ദേശീയ-സംസ്ഥാന പാതകള്‍ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കര്‍ഷക സമരം നടക്കുന്ന പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റില്‍ കര്‍ഷകരെ അവഗണിച്ചതിനുമുള്ള മറുപടിയാണ് ഫെബ്രുവരി ആറിലെ പ്രതിഷേധമെന്നും സമരക്കാര്‍ അറിയിച്ചു. വരുമാനം വര്‍ധിപ്പിക്കുന്നതിനെ കുറിച്ചോ തൊഴില്‍ സൃഷ്ടിക്കുന്നതിനെ കുറിച്ചോ പരാമര്‍ശിക്കാത്ത ബജറ്റ്, തങ്ങളുടെ ആശങ്കകള്‍ പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കര്‍ഷക സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. 

താങ്ങുവില നല്‍കി വിളകള്‍ സംഭരിക്കാന്‍ എഫ്.സി.ഐക്ക് വായ്പയായി കഴിഞ്ഞ വര്‍ഷം ബജറ്റില്‍ വകയിരുത്തിയത് 1,36,600 കോടി രൂപയാണ്. എന്നാല്‍ വളരെ കുറച്ചു തുക മാത്രമാണ് ചിലവഴിച്ചത്. ഇക്കൊല്ലം യാതൊന്നും വകയിരുത്തിയിട്ടില്ല. ഇത്തരം നീക്കങ്ങള്‍ എഫ്.സി.ഐ. അടച്ചു പൂട്ടാനാണോ എന്ന് കര്‍ഷകരെ ചിന്തിപ്പിക്കുമെന്ന് സ്വരാജ് ഇന്ത്യ പ്രതിനിധി യോഗേന്ദ്ര യാദവ് പറഞ്ഞു.