20 April 2024 Saturday

ഇന്ന് വിഷു; പുതിയ പ്രതീക്ഷകളോടെ കണികണ്ടുണ൪ന്ന് മലയാളികൾ

ckmnews


കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി ഇന്ന് വിഷു. സാധാരണ കണി കണ്ടും, കൈനീട്ടം വാങ്ങിയും, പടക്കം പൊട്ടിച്ചും തിരക്കിലമരേണ്ട മലയാളികൾക്ക് ഇത് ആഘോഷങ്ങളില്ലാത്ത അതിജീവനത്തിന്റെ വിഷുവാണ്. കൊറോണക്കാലത്ത് ലോക്ക് ഡൗണിനിടെയാണ്

ഇത്തവണത്തെ വിഷു.


നിറഞ്ഞു കത്തുന്ന നിലവിളക്കും, പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയും ഒരു സംവത്സരത്തിലേക്കുള്ള നന്മകളുടെ പ്രതീക്ഷ കണി കണ്ടുകൊണ്ടാണ് വിഷു പുലരി തെളിഞ്ഞത്. കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ. നിറഞ്ഞു കത്തുന്ന നിലവിളക്ക് ഐശ്വര്യത്തിന്റെ കാഴ്ചയായി കൊന്നപ്പൂക്കൾ. കോടി മുണ്ടും, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും പിന്നെ കണിത്താലത്തിൽ സമ്പന്നമായൊരു കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലായി കണിവെളളരിയും, ചക്കയും, മാങ്ങയും മറ്റ് ഫലങ്ങളും. കണി കണ്ടു കഴിഞ്ഞാൽ പിന്നെ കൈനീട്ടം. കുടുംബത്തിലെ കാരണവർ നൽകുന്ന കൈനീട്ടം സമ്പൽ സമൃദ്ധിയുടെ നല്ല നാളെകൾക്കായുള്ള തുടക്കമാണ്. ഒരോ വിഷുവും മലയാളികൾക്ക് കോടി മുണ്ട് പോലെ പുത്തനാണ്.


ലോകത്തെ നടുക്കിയ കൊറോണയുടെ ദുരന്തമുഖത്തും മലയാളി പാരമ്പര്യനന്മകളുടെ പതറാത്ത മനസ്സ് കാത്തുസൂക്ഷിച്ചാണ് ഈ വിഷുക്കാലം ആഘോഷിക്കുന്നത്. ഏത് പ്രതികൂല സാഹചര്യത്തെയും തരണം ചെയ്യാനുള്ള ആത്മബലത്തിന്റെ അനുഭവസാക്ഷ്യം കൂടിയാണ് മലയാളിയ്ക്ക് വിശുദ്ധിയുടെ ഈ ദിനം. പ്രതിസന്ധികളിൽ തളരാതെ പ്രതീക്ഷയുടെ വിഷുകണിയൊരുക്കി എല്ലാം ശുഭകരമാകുന്ന നാളേയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. ഈ കൊറോണകാലവും ഒരുമിച്ച് അതിജീവിക്കുമെന്ന ശുഭപ്രതീക്ഷയിൽ.


ലോകമെമ്പാടുമുള്ള മുഴുവ൯ പ്രേക്ഷക൪ക്കും ഐശ്വര്യവും ആരോഗ്യപൂര്‍ണവും സുരക്ഷിതവുമായ ഒരു നല്ല നാളെ ആശംസിക്കുന്നു…