24 April 2024 Wednesday

അന്ന് ഉമ്മന്‍ചാണ്ടി ലാവലിന്‍ കേസ് സിബിഐക്ക് വിട്ടു ഇന്ന് പിണറായി സോളാർ പീഡനക്കേസും

ckmnews

അന്ന് ഉമ്മന്‍ചാണ്ടി ലാവലിന്‍ കേസ് സിബിഐക്ക് വിട്ടു


 ഇന്ന് പിണറായി സോളാർ പീഡനക്കേസും


കോഴിക്കാട് : നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കവെ പരാതിക്കാരിയുടെ അപേക്ഷയെത്തുടർന്ന് സോളാർ ലൈംഗിക പീഡന കേസ് സിബിഐക്ക് വിട്ട് ഇടതുപക്ഷ സർക്കാർ. കോൺഗ്രസ്സിന്റേയും യുഡിഎഫിന്റെ ഒന്നാകെയും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉമ്മൻ ചാണ്ടിയാണ് കേസിൽ ഏറ്റവും വലിയ അന്വേഷണം നേരിടുന്നയാൾ എന്നതാണ് ഈ നീക്കത്തിന് അത്രവലിയ പ്രാധാന്യം നൽകുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലായിരുന്നു 15 വർഷങ്ങൾക്കുമുൻപ് ഉമ്മൻചാണ്ടി സർക്കാർ പിണറായി വിജയൻ ഉൾപ്പെട്ട ലാവലിൻ കേസ് സിബിഐയ്ക്ക് വിട്ടത്.


2006ലാണ് ലാവലിൻ കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി സർക്കാർ വിജ്ഞാപനം ഇക്കിയത്. പിണറായി വിജയൻ വി. എസ് അച്യുതാനന്ദൻ എന്നീ രണ്ട് ധ്രുവങ്ങളിലായി സിപിഎം നിലകൊണ്ടിരിക്കുന്ന കാലത്ത് അച്യുതാനന്ദന് അനുകൂലമായി പാർട്ടി വികാരം രൂപപ്പെടുത്തിയതിലും ലാവലിൻ വിഷയം വലിയ പങ്കാണ് വഹിച്ചത്. ആ തരത്തിൽ വർഷങ്ങൾക്കിപ്പുറമുള്ള രാഷ്ട്രീയ തിരിച്ചടിയായും പിണറായി സർക്കാരിന്റെ ഈ നീക്കത്തെ കാണാവുന്നതാണ്.


സോളാർ കേസുമായി ബന്ധപ്പെട്ട് ഈ അഞ്ചു വർഷവും സർക്കാർ എന്ത് ചെയ്തു എന്ന തരത്തിലാണ് യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ആദ്യ പ്രതിരോധ നീക്കം. നിലവിൽ സിബിഐയ്ക്കു സ്വമേധയാ സംസ്ഥാനത്തെ കേസെടുക്കാൻ കഴിയില്ല. സർക്കാർ ആവശ്യപ്പെട്ടാൽ മാത്രമേ സംസ്ഥാനത്ത് സിബിഐക്ക് കേസെടുക്കാൻ പറ്റൂ. ആ തരത്തിൽ സിബിഐയ്ക്കു തന്നെ നിയന്ത്രണമേർപ്പെടുത്തിയ ഇടതുസർക്കാർ സോളാർ കേസ് സിബിഐയ്ക്കു വിടുന്നെന്ന കൗതുകവും ഈ സംഭവത്തിലുണ്ട്. അപ്പോഴും കേസെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സിബിഐ ആണ്. രാഷ്ട്രീയ ആയുധം എന്ന നിലയിൽ വിഷയം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാമെന്ന സാധ്യതയുമുണ്ട്.


പിണറായി വിജയൻ അധികാരത്തിൽ വന്നതിനു ശേഷമുള്ള ഒരു തിരഞ്ഞെടുപ്പിലും ഇടതുപക്ഷം സോളാർ ലൈംഗികാരോപണ കേസ് പ്രധാന പ്രചാരണ വിഷയമായി ഉയർത്തിക്കാണിച്ചിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പിൽ വികസന പ്രവർത്തനങ്ങളായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചാരണ വിഷയം. സിബിഐക്ക് സോളാർ ബലാത്സംഗ കേസ് വിട്ടുകൊടുത്തത് ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാൻ സാധ്യതയില്ലെങ്കിലും തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ നയിക്കുന്ന ഉമ്മൻചാണ്ടിയുടെ പേര് തിരഞ്ഞെടുപ്പ് കാലത്ത് സംശയ മുനയിൽ നിർത്താൻ ഇതിലൂടെ സാധിക്കും. അതാണ് ഇടതുപക്ഷവും സർക്കാരും ലക്ഷ്യമിടുന്നതും.


ഉമ്മൻ ചാണ്ടിക്കു പുറമെ നേതാക്കളായ കെ.സി. വേണുഗോപാൽ, എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയുള്ള അന്വേഷണവും ഉൾപ്പെടും.


അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സർക്കാർ നയപരമായ തീരുമാനം എടുത്തു. സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് അയയ്ക്കും.


തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാന സർക്കാരിന്റെ ഏററവും കടുത്ത രാഷ്ട്രീയനീക്കമാണിത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഏറെ പ്രതിരോധത്തിലായ ഘട്ടത്തിൽപോലും ഇടതുപക്ഷം ഉപയോഗിക്കാത്ത തുറുപ്പ ചീട്ടാണ് ഈ സിബിഐ അന്വേഷണം. എന്നാൽ ഈ തീരുമാനം സർക്കാരിന് തിരിച്ചടിയാവുമെന്നാണ് ഉമ്മൻചാണ്ടി വാർത്തയോട് പ്രതികരിച്ചത്.