23 April 2024 Tuesday

തകർന്നടിഞ്ഞ് സ്വപ്നങ്ങളുമായി നാളെ വിഷു ,ലോക്ക് ഡൗണില്‍ തകര്‍ന്നടിഞ്ഞ് വിപണി

ckmnews


പുത്തന്‍ ഉടുപ്പുകളും കമ്പി പൂത്തിരിയുമില്ലാതെ മലയാളികള്‍ നാളെ വിഷു ആഘോഷിക്കും.മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിഷു പടിവാതില്‍ക്കല്‍ എത്തിയെങ്കിലും ഇത്തവണ പലരുടെയും വിഷു ചടങ്ങ് മാത്രമായി ചുരുങ്ങും.ഒരുപാട് പ്രതീക്ഷയോടെ വര്‍ഷത്തില്‍ ഒരിക്കല്‍ എത്തുന്ന വിഷുവിപണി പ്രതീക്ഷിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇത്തവണ നഷ്ടങ്ങളുടെയും നഷ്ട സ്വപ്നങ്ങളുടെയും കണക്കുകള്‍ മാത്രമാണ് പങ്ക് വെക്കാനുള്ളത്. മലയാളി ഐശ്വര്യത്തിന്റെ കണികണ്ടുണരേണ്ട ദിവസം പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു.കണിത്താലത്തില്‍ കൊന്നപ്പൂക്കള്‍ക്കിടയില്‍ മന്ദസ്മിതം തൂകിയിരിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹം വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സമൃദ്ധിയുടെ പ്രതീകമാണ്.ഇതുകൊണ്ട് തന്നെ വിഷു വിപണിയില്‍ കൃഷ്ണ വിഗ്രഹങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെ ആയിരുന്നു. ഈ വിപണി ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ വിവിധ പാതയോരങ്ങളില്‍ തമ്പടിച്ച്  അഥിതി തൊഴിലാളികളായ ശില്‍പികള്‍ വിഗ്രഹങ്ങള്‍ ഒരുക്കുന്നത്.മികച്ച വിപണിയുണ്ടായിരുന്ന വിഷുക്കാലം ഇക്കുറി ഇവര്‍ക്കും ഓര്‍മ്മ മാത്രം. 

പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ തീര്‍ത്ത  ഈ വിഗ്രഹങ്ങള്‍ ഗുരുവായുരുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് കൊണ്ടുപോകാറുണ്ട്. ലോക്ഡൗണില്‍ വിപണിയും വിഷുവുമെല്ലാം ഡൗണ്‍ ആയതോടെ ഒരു വിഗ്രഹം പോലും വിറ്റു പോകുന്നില്ല. കൃഷ്ണവിഗ്രഹം മാത്രമല്ല ആവശ്യക്കാരെ കാത്ത് നിറയെ പൂത്തുലഞ്ഞു കണിക്കൊന്നകളും ഈ വിഷുക്കാലത്തിന്റെ കാഴ്ചയാണ്.വിഷുവിനെ മാത്രം ലക്ഷ്യം വെച്ച് ഒരുങ്ങിയ പടക്ക വിപണിയിലും ഇത്തവണ നഷ്ടങ്ങളുടെ കണക്കുകള്‍ ചെറുതാവില്ല.ഒട്ടേറെ പേരുടെ സ്വപ്നങ്ങളും പ്രതീക്ഷയും ജീവിതവും തകര്‍ത്തെറിഞ്ഞാണ് കോവിഡ് എന്ന മഹാമാരി ലോകത്തിന് തന്നെ ഭീഷണി ആയിരിക്കുന്നത്.