28 March 2024 Thursday

വാടക വീട്ടിലുള്ളവർക്കും ഇനി റേഷൻ കാർഡ്:ഭക്ഷ്യവകുപ്പു മന്ത്രി പി തിലോത്തമൻ

ckmnews



സംസ്ഥാനത്ത് ഇനി മുതൽ വാടക വീട്ടിൽ താമസിക്കുന്നവർക്കും റേഷൻ കാർഡ്.കാർഡിന് അപേക്ഷിക്കുന്നവർ വാടകക്കരാർ  കാണിച്ച്‌ അപേക്ഷിച്ചാൽ കാർഡ് ലഭ്യമാകും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. വാടക വീട്ടിൽ താമസിക്കുന്നവർ റേഷൻ കാർഡിന് അപേക്ഷിക്കുമ്പോൾ ഈ വീട്ടുനമ്പർ ഉപയോഗിച്ച് മറ്റൊരു കുടുംബം റേഷൻ കാർഡ് എടുത്തിട്ടുണ്ടെങ്കിൽ പുതിയ റേഷൻ കാർഡ് ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിയമസഭയിൽ സബ് മിഷൻ അവതരിപ്പിച്ചിരുന്നു.  ഇതിനുള്ള മറുപടിയായാണ് മന്ത്രി വാടക വീട്ടിൽ താമസിക്കുന്നവർക്കും വാടകക്കരാറുണ്ടെങ്കിൽ റേഷൻ കാർഡ് ലഭിക്കുമെന്ന് അറിയിച്ചത്. ഇതിനു പുറമെ പുറമ്പോക്കിലും റോഡ് വക്കിലും ഷെഡ് കെട്ടി താമസിക്കുന്ന വീട്ടുനമ്പറില്ലാത്ത കുടുംബങ്ങൾക്ക് " 00" എന്ന രീതിയിൽ വീട്ടുനമ്പർ നൽകുന്നത് പുന:സ്ഥാപിക്കുവാനും തീരുമാനിച്ചു. കൂടാതെ ഒരു വീട്ടിൽത്തന്നെ ഒന്നിലധികം കുടുംബങ്ങളുണ്ടെങ്കിൽ അവർക്ക് പ്രത്യേകം റേഷൻ കാർഡുകളും അനുവദിക്കും.  താലൂക്ക് സപ്ലൈ ഓഫീസർമാർ പ്രത്യേക അന്വേഷണം നടത്തിയാണ് ഇതിന്   വേണ്ടിയുള്ള കാർഡ് അനുവദിക്കുക.