24 April 2024 Wednesday

പ്രണയം, ഒളിച്ചോട്ടം ഒടുവില്‍ കാമുകിയെ കൊന്ന 19 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

ckmnews

ഇരുപതുകാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ആരോപണവിധേയനായ 19 കാരന്‍ തൂങ്ങിമരിച്ച നിലയില്‍. പ്രണയവും ഒളിച്ചോട്ടവും പ്രണയനൈരാശ്യവും ഒടുവില്‍ കൊലപാതകവും നടന്നതിനു ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബുധനാഴ്ച്ചയാണ് ദില്ലി ബാബു (19) വിനെ ചിറ്റൂരിലെ തൂര്‍പ് പള്ളി ഗ്രാമത്തിലെ കാട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രാമത്തിലെ ഗായത്രി (20) എന്ന പെണ്‍കുട്ടിയുമായി ദില്ലി ബാബു പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11 ന് ഇരുവരും ഗ്രാമത്തില്‍ നിന്നും ഓടിപ്പോയിരുന്നു. രണ്ടു ദിവസത്തിന് ശേഷമാണ് ബാബുവിന്റേയും ഗായത്രിയുടേയും വീട്ടുകാര്‍ ഇരുവരേയും കണ്ടെത്തുന്നത്. പിന്നീട് വീട്ടുകാര്‍ ഗായത്രിയുടെ മനസ്സുമാറ്റി വീട്ടിലേക്ക് കൊണ്ടുപോയി.

ഇതിനു ശേഷം ഗായത്രി ബാബുവിനെ അവഗണിച്ചു തുടങ്ങിയിരുന്നു. ഇതോടെ ഗായത്രിയോട് പക ബാബുവിന് പക തോന്നിത്തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. യുവതിയെ നിരന്തരം പിന്തുടരാന്‍ തുടങ്ങിയ ചെറുപ്പക്കാരന്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച ആളൊഴിഞ്ഞ സ്ഥലത്തു വെച്ച്‌ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച്ച കൂട്ടുകാരിക്കൊപ്പം സ്കൂട്ടറില്‍ പോകുകയായിരുന്ന ഗായത്രിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കറി കത്തി ഉപയോഗിച്ച്‌ കുത്തിയെന്നാണ് കൂട്ടുകാരിയുടെ മൊഴി. സംഭവത്തിന് ഗായത്രിയുടെ കൂട്ടുകാരി ദൃക്സാക്ഷിയായിരുന്നു. തുടര്‍ന്ന് കത്തി സംഭവസ്ഥലത്ത് ഉപേക്ഷിച്ച്‌ ബാബു ഓടി രക്ഷപ്പെട്ടു.

കൂട്ടുകാരിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഗായത്രിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗായത്രിയുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ ബാബുവിന്റെ മാതാപിതാക്കളെ ആക്രമിക്കുകയും വീട് അഗ്നിക്കിരയാക്കുകയും ചെയ്തു.

കാമുകിയെ കൊലപ്പെടുത്തി ഓടി രക്ഷപ്പെട്ട ബാബുവിനെ പിന്നീട് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തുന്നത്. ബുധനാഴ്ച്ച രാവിലെ തൂര്‍പ്പു പള്ളിയിലെ കാട്ടില്‍ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതേദഹം ചിറ്റൂരിലെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സമാന സംഭവം ദിവസങ്ങള്‍ക്ക് മുമ്ബ് ബിഹാറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതരജാതിയില്‍ പെട്ട യുവാവുമായുള്ള വിവാഹം വീട്ടുകാര്‍ എതിര്‍ത്തതില്‍ മനംനൊന്ത് കോടതി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഇതരജാതിയില്‍ പെട്ട യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. യുവാവിനൊപ്പം വീടുവിട്ടു പോയ പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്ക് ശേഷം വീട്ടുകാര്‍ കണ്ടെത്തി. യുവാവുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിച്ചതോടെ കോടതി കെട്ടിടത്തില്‍ നിന്നും പെണ്‍കുട്ടി താഴേക്ക് എടുത്തു ചാടുകയായിരുന്നു.