19 April 2024 Friday

പേര് : ഡെലീഷ്യ, വയസ്സ്: 22, ലോക്ഡൗൺ കാലത്തെ തൊഴിൽ : ടാങ്കർ ലോറി ഡ്രൈവർ

ckmnews

.

   

തൃശൂർ  ∙ പേര് : ഡെലീഷ്യ, വയസ്സ്: 22, ലോക്ഡൗൺ കാലത്തെ തൊഴിൽ : ടാങ്കർ ലോറി ഡ്രൈവർ. നാലു പതിറ്റാണ്ടായി ടാങ്കർ ലോറി ഡ്രൈവറായ തൃശൂർ വാടാനപ്പള്ളി കണ്ടശ്ശാംകടവ് ഡേവിസിന്റെ 3 പെൺ മക്കളിൽ രണ്ടാമത്തെ പുത്രി. ഹെവി വാഹനങ്ങൾ ഓടിക്കാൻ ലൈസൻസുള്ള ഒട്ടേറെ വനിതകൾ ഉണ്ടെങ്കിലും ടാങ്കർ വാഹനം ഓടിക്കുന്നതിനുള്ള ഫയർ ആൻഡ് സേഫ്റ്റി ലൈസൻസുള്ളത് ഡെലീഷ്യക്ക് മാത്രം. ലോക്ഡൗൺ ആരംഭിച്ചതു മുതൽ കൊച്ചിയിൽ നിന്ന് പതിവായി തിരൂരിലേക്ക് ഇന്ധനം കൊണ്ടു വരുന്നത് ഈ യുവതിയാണ്. രാവിലെ വാടാനപ്പള്ളിയിൽ നിന്ന് കൊച്ചിയിലേക്കും 10ന് കൊച്ചിയിൽ നിന്ന് ഇന്ധനം നിറച്ച്  ഒരു മണിക്ക് തിരൂരിലും എത്തും. തിരൂരിലെ പെട്രോൾ ബങ്കിൽ ഇന്ധനം എത്തിച്ച് ഒരു മണിക്കൂറിനകം വീണ്ടും കൊച്ചിയിലേക്ക് മടക്കം. എംകോം പഠനത്തിനിടെയാണ് ഡെലീഷ്യ ഡ്രൈവർ വേഷം അണിഞ്ഞത്. വീട്ടിലെ കാറിൽ നിന്നായിരുന്നു തുടക്കം. പിന്നീട് എല്ലാ വാഹനങ്ങളും അനായാസം ഓടിച്ചു. മകളുടെ ഡ്രൈവിങ് താൽപര്യം മനസ്സിലാക്കിയ പിതാവ് ഡേവിസ് ഒഴിവുള്ള സമയങ്ങളിലെല്ലാം ടാങ്കർ ലോറിയിൽ ദൂര യാത്രകൾക്ക് കൂടെ കൂട്ടി. 18 വയസ്സിൽ ലൈസൻസ് കൈക്കലാക്കി.20 വയസ്സിൽ ഹെവി ലൈസൻസും പിന്നീട് ഫയർ ആൻഡ് സേഫ്റ്റി ഡ്രൈവിങ് ലൈസൻസും നേടിയെടുത്തു. ഇതോടെ പിതാവ് ഓടിക്കുന്ന ടാങ്കർ ലോറിയിൽ ഡ്രൈവറാകണമെന്ന ആഗ്രഹം  ഡെലീഷ്യ നിറവേറ്റുകയായിരുന്നു. ഒഴിവുസമയങ്ങളിലെല്ലാം പിതാവിന് വിശ്രമം അനുവദിച്ച് ഡെലീഷ്യയാണ് ഇപ്പോൾ മുഴുവൻ സമയവും ടാങ്കർ ലോറി  ഓടിക്കുന്നത്. അപകടങ്ങൾ കൂടാതെ ഏതു വാഹനവും ഓടിക്കാൻ സമയത്തിന് മുൻപ് ഇറങ്ങിയാൽ മതിയെന്ന സന്ദേശമാണ് ഡെലീഷ്യ പങ്കു വയ്ക്കുന്നത്. മാതാവ് ഡെയ്സി  വീട്ടമ്മയാണ്. സഹോദരിമാരായ ശ്രുതി നഴ്സും സൗമ്യ വിദ്യാർഥിനിയുമാണ്.