29 March 2024 Friday

കാഴ്ചയില്ലാത്ത ഇന്ദുവും മുൻ മിസ്റ്റർ കേരള നിർമലും ജീവിതയാത്രയിൽ ഒന്നായി

ckmnews



കടവല്ലൂർ ∙ നിർമലിന്റെ ജീവിതത്തിലിപ്പോൾ ഇന്ദു പരത്തുന്ന പ്രകാശമാണ്. അവൾക്കു കാഴ്ചയില്ല എന്നത് മറ്റുള്ളവർ പലരും പോരായ്മയായി പറഞ്ഞു. ‘എനിക്കങ്ങനെ തോന്നുന്നില്ല’ എന്ന വാക്കിന് മുൻ മിസ്റ്റർ കേരളയും ഫിറ്റ്നസ് ട്രെയിനറുമായ നിർമലിന്റെ മസിലിനേക്കാൾ കരുത്തുണ്ട്. വേറിട്ട മതങ്ങളിലായിട്ടും മതം മാറേണ്ടെന്ന തീരുമാനം സമൂഹത്തിൽ പരത്തുന്ന വെളിച്ചം വേറെ ആറു വയസ്സുള്ളപ്പോഴാണ് തൃശൂർ കടവല്ലൂർ എളവള്ളി പറങ്ങനാട്ട് ഇന്ദുവിനു കാഴ്ച നഷ്ടമായത്. ആലുവയിൽ കുട്ടമശേരി ഗവ. ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സഹപാഠിയായി ആലുവ പടമാട്ടുമ്മൽ പി.ബി. നിർമൽ എത്തി.


അന്നു സൗഹൃദമുണ്ടായെങ്കിലും പിന്നീട് മുറിഞ്ഞു. ഇന്ദു ഡിഗ്രിക്കു പഠിക്കുമ്പോൾ കൗൺസലിങ് കോഴ്സ് തൃശൂരിൽ ചെയ്തപ്പോൾ യാദൃച്ഛികമായി ക്ലാസിൽ അതാ നിർമൽ.  ഇന്ദുവിന്റെ ഏറ്റവും വലിയ കൂട്ടായി നിർമൽ കൈപിടിച്ചു. പിന്നീട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ഇന്ദു പിജിക്കു പഠിക്കുമ്പോൾ ഐടിഐ കോഴ്സ് കഴിഞ്ഞ് ഡിഗ്രി ക്ലാസിൽ വീണ്ടും നിർമൽ. ഇതിനിടെ ഇന്ദുവിന്റെ അച്ഛൻ മരിച്ചു. ഇന്ദു കഠിനമായി പരിശ്രമിച്ചു പരീക്ഷയെഴുതി കനറാ ബാങ്കിൽ ഓഫിസറായി ജോലി നേടി. 


ഇതിനിടെ ഫിറ്റ്നസ് ട്രെയിനറായ നിർമൽ രണ്ടുവട്ടം മിസ്റ്റർ േകരളയായി. മിസ്റ്റർ ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു. പിന്നെ യുഎഇയിൽ ഫിറ്റ്നസ് ട്രെയിനർ ആയി ജോലി നേടി. അപ്പോഴേക്കും ഇരുവരും മനസ്സിലുറപ്പിച്ചു; ഒരുമിച്ചു ജീവിക്കണം. രണ്ടു മതത്തിൽപ്പെട്ടവർ എന്നത് ഒരു തടസ്സമായി വന്നു. പക്ഷേ, ഇരുവരും തീരുമാനിച്ചു. ഇരുവരും അവരുടെ മതങ്ങളെ ബഹുമാനിക്കുന്നു. മതം മാറ്റം വേണ്ട. വീട്ടുകാരും സമ്മതം മൂളിയതോടെ നിർമലും ഇന്ദുവും ഒന്നായി; ഇനി നിർമലേന്ദു!