19 April 2024 Friday

കടവല്ലൂർ കൊള്ളഞ്ചേരി പാടശേഖരം വൈദ്യുതി കണക്ഷൻ ഇല്ലാതെ നോക്കുകുത്തിയായ് മോട്ടോർ ഷെഡ്

ckmnews



പെരുമ്പിലാവ്:കടവല്ലൂർ കൊള്ളഞ്ചേരി പാടശേഖരത്തിൽ വെള്ളം പമ്പുചെയ്യാൻ അധികൃതർ സഹായിക്കുന്നില്ലെന്നു കർഷകരുടെ പരാതി. വെള്ളമുണ്ടെങ്കിലും തോട്ടിൽനിന്നു പമ്പുചെയ്യാൻ വൈദ്യുതി ഇല്ലാത്തതാണ് പ്രധാനവിഷയം .ഇവിടുത്തെ 60 ഏക്കർ പാടശേഖരത്തിലെ വിളഞ്ഞ നെല്ലിനെ ഉണക്കത്തിൽ നിന്നും സംരക്ഷിക്കുന്നത് മോട്ടോർ വാടകക്കെടുത്ത് പരിസരത്തെ വീടുകളിൽ നിന്ന് വൈദ്യുതി എത്തിച്ചാണ്.കൊള്ളഞ്ചേരി തോട്ടിൽ നിന്നും വെള്ളം പാടത്തേക്കു പമ്പു ചെയ്യാനുള്ള സൌകര്യങ്ങളാണ് കർഷകർ ആവശ്യപ്പെടുന്നത്.


2019ൽ ചൊവന്നൂർ ബ്ലോക്കിൽ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് കടവല്ലൂർ വെളിയൻ ചീർപ്പിന്റെ അറ്റകുറ്റപ്പണി നടത്തുകയും മോട്ടർ ഷെഡ് നിർമിക്കുകയും ചെയ്തിരുന്നു.

ഇവിടെ വൈദ്യുതി കണക്ഷനും മോട്ടറും സ്ഥാപിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എ.സി. മൊയ്തീന് കർഷകർ നിവേദനം നൽകിയിരുന്നു. തുടർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിനോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു വെങ്കിലും ഇതുവരെ നടപടിയൊന്നുമായിട്ടില്ല.

ചെറുതും വലുതുമായ മോട്ടോറുകൾ വാടകക്കെടുത്താണ് ഇപ്പോൾ വെള്ളമെത്തിക്കുന്നത്.

ഈ രീതിയിൽ അധിക നാൾ മുന്നോട്ട് പോകാൻ കഴിയില്ലെന്നു കർഷകർ പറയുന്നു.

സ്ഥിരമായ ജലസേചന സൌകര്യം ഉണ്ടായില്ലെങ്കിൽ കൃഷി തുടരാൻ കഴിയില്ലെന്ന നിലപാടിലാണ് കൊള്ളഞ്ചേരി പാടശേഖരത്തിലെ കർഷകർ.