24 April 2024 Wednesday

രാജ്യം കാത്തിരുന്ന സുദിനം; കോവിഡ് വാക്‌സിനേഷന് തുടക്കമായി

ckmnews



ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിന്‍ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമായിരുന്നു ഉദ്ഘാടനം. വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ അത് ലഭ്യമായിരിക്കുന്നു. ഈ അവസരത്തില്‍ എല്ലാ പൗരന്മാരെയും താന്‍ അഭിനന്ദിക്കുന്നു-പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസ് വാക്‌സിന്റെ രണ്ടു ഡോസുകളും പ്രധാനപ്പെട്ടതാണെന്ന് ജനങ്ങളെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. രണ്ട് ഡോസുകളും സ്വീകരിക്കുന്നതിന് ഒരു മാസത്തെ ഇടവേളയുണ്ടാകണമെന്ന് വിദഗ്ധര്‍ പറഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു സാധാരണയായി ഒരു വാക്‌സിന്‍ വികസിപ്പിക്കാന്‍ വര്‍ഷങ്ങള്‍ ആവശ്യമാണ്. എന്നാല്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍, ഒന്നല്ല രണ്ട് മേയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിനുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇതിനിടെ മറ്റ് വാക്‌സിനുകളുടെ വികസിപ്പിക്കലും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷം മാസ്‌ക് മാറ്റുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ തെറ്റുകള്‍ ചെയ്യരുത്. കാരണം രണ്ടാമത്തെ ഡോസിനു ശേഷമാണ്  പ്രതിരോധശേഷി രൂപപ്പെടുന്നത്. ചരിത്രത്തില്‍ ഇതുവരെ ഇത്രയും വലിയതോതില്‍ വാക്‌സിനേഷന്‍ നടത്തിയിട്ടില്ല. മൂന്നുകോടിയില്‍ താഴെ ജനസംഖ്യയുള്ള നൂറിലധികം രാജ്യങ്ങളുണ്ട്. എന്നാല്‍ ഇന്ത്യ ആദ്യഘട്ടത്തില്‍ മാത്രം മൂന്നുകോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുകയാണ്. രണ്ടാംഘട്ടത്തില്‍ ഇത് മുപ്പതു കോടി ആക്കേണ്ടതുണ്ട്- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ അസുഖം ആളുകളെ അവരുടെ കുടുംബങ്ങളില്‍നിന്ന് അകറ്റി. അമ്മമാര്‍ കുഞ്ഞുങ്ങളെ ഓര്‍ത്ത് കരയുകയും അകന്നുനില്‍ക്കേണ്ടി വരികയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രായാധിക്യമുള്ള തങ്ങളുടെ ബന്ധുക്കളെ കാണാന്‍ ജനങ്ങള്‍ക്ക് സാധിച്ചില്ല. കൊറോണ ബാധിച്ച് മരിച്ചവര്‍ക്ക് യഥാവിധി യാത്രനല്‍കാനും നമുക്ക് സാധിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. രാജ്യത്തെ 3,006 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്.

കേരളത്തില്‍ കോവിഡ് വാക്‌സിന്‍ വിതരണം 133 കേന്ദ്രങ്ങളില്‍

സംസ്ഥാനത്ത് എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും. ബാക്കി ജില്ലകളില്‍ ഒമ്പത് കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ല്യു.എച്ച്.ഒ., യൂണിസെഫ്, യു.എന്‍.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്‌സിനേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.

സംസ്ഥാനത്തെ കോവിഡ്-19 വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നുവെന്നും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്.


വാക്‌സിനേഷന്‍ കേന്ദ്രം ഇപ്രകാരം

ഓരോ വാക്‌സിനേഷന്‍ കേന്ദ്രത്തിലും വെയിറ്റിങ് റൂം, വാക്‌സിനേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം എന്നിങ്ങനെ മൂന്ന് മുറികളാണുണ്ടാകുക. വാക്‌സിനേഷനായി അഞ്ച് വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍ ഉണ്ടാകും.

വാക്‌സിന്‍ എടുക്കാന്‍ വെയിറ്റിങ് റൂമില്‍ പ്രവേശിക്കും മുമ്പ് ഒന്നാമത്തെ ഉദ്യോഗസ്ഥന്‍ ഐഡന്റിറ്റി കാര്‍ഡ് വെരിഫിക്കേഷന്‍ നടത്തും. പോലീസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫെന്‍സ്, എന്‍.സി.സി. എന്നിവരാണ് ഈ സേവനം ചെയ്യുന്നത്. രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ കോ വിന്‍ ആപ്ലിക്കേഷന്‍ നോക്കി വെരിഫൈ ചെയ്യും.

ക്രൗഡ് മാനേജ്‌മെന്റ്, ഒബ്‌സര്‍വേഷന്‍ മുറിയിലെ ബോധവത്ക്കരണം, എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് നിരീക്ഷണം എന്നിവ മൂന്നും നാലും ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കുന്നതാണ്. വാക്‌സിനേറ്റര്‍ ഓഫീസറാണ് വാക്‌സിനേഷന്‍ എടുക്കുന്നത്.


നല്‍കുന്നത് 0.5 എം.എല്‍. കോവീഷീല്‍ഡ് വാക്‌സിന്‍


ഓരോ ആള്‍ക്കും 0.5 എം.എല്‍. കോവീഷീല്‍ഡ് വാക്‌സിനാണ് കുത്തിവയ്പ്പിലൂടെ നല്‍കുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാല്‍ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.


ഒരാള്‍ക്ക് 4 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ


ആദ്യ ദിവസം ഒരു കേന്ദ്രത്തില്‍ നിന്നും 100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. രാവിലെ 9 മണി മുതല്‍ 5 മണിവരെയാണ് വാക്‌സിന്‍ നല്‍കുക. ലോഞ്ചിംഗ് ദിവസം ഉദ്ഘാടനം മുതലാണ് വാക്‌സിന്‍ തുടങ്ങുക. രജിസ്റ്റര്‍ ചെയ്ത ആളിന് എവിടെയാണ് വാക്‌സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്. വാക്‌സിന്‍ നല്‍കാന്‍ ഒരാള്‍ക്ക് 4 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ സമയമെടുക്കും.


ഒബ്‌സര്‍വേഷന്‍ നിര്‍ബന്ധം


വാക്‌സിന്‍ എടുത്തു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും ഒബ്‌സര്‍വേഷനിലിരിക്കണം. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അവിടത്തെ ഉദ്യോഗസ്ഥന്‍ ബോധവത്ക്കരണം നല്‍കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും അത് പരിഹരിക്കും. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ അപ്പോള്‍ തന്നെ സ്വീകരിക്കുന്നതാണ്. അതിനാലാണ് 30 മിനിറ്റ് നിരീക്ഷണം നിര്‍ബന്ധമാക്കുന്നത്. 10 ശതമാനം വേസ്റ്റേജ്കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് വാക്‌സിനേഷനില്‍ 10 ശതമാനം വേസ്റ്റേജ് വരുമെന്നാണ് കണക്കാക്കുന്നത്. പരമാവധി വേസ്റ്റേജ് കുറച്ച് വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ലഭിച്ച വാക്‌സിന്റെ പകുതി സ്റ്റോക്ക് ചെയ്യാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന് ഉടന്‍ ലഭിക്കുന്ന ബാക്കി വാക്‌സിന്റെ കണക്കുകൂടി നോക്കിയിട്ടായിരിക്കും ബാക്കിയുള്ളത് വിതരണം ചെയ്യുന്നത്.