24 April 2024 Wednesday

നിയമസഭ തെരഞ്ഞെടുപ്പിൽ സുഹറ മമ്പാട്‌ മത്സരിച്ചേക്കും അഷ്‌റഫ്‌ കോക്കൂരും സാധ്യത പട്ടികയിൽ.

ckmnews

നിയമസഭ തെരഞ്ഞെടുപ്പിൽ സുഹറ മമ്പാട്‌ മത്സരിച്ചേക്കും


അഷ്‌റഫ്‌ കോക്കൂരും സാധ്യത പട്ടികയിൽ.


ചങ്ങരംകുളം:വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗ്‌ സ്ഥാനാർത്ഥികളിൽ വനിതകളുമുണ്ടാവുമെന്ന് സൂചന.വിജയ സാധ്യതയുള്ള മണ്ഢലത്തിൽ തന്നെ വനിതാ സ്ഥാനാർത്ഥിയെ നിർത്താനാണു ലീഗ്‌ നേതൃത്വത്തിന്റെ തീരുമാനം.മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും വനിതാ ലീഗ്‌ സംസ്ഥാന പ്രസിഡന്റുമായ സുഹറ മമ്പാടിനാണു പ്രഥമ പരിഗണന.മലപ്പുറം ജില്ലയിലെ ഏതെങ്കിലും ഒരു നിയമസഭ മണ്ഢലത്തിൽ തന്നെയാവും സുഹറ മമ്പാട്‌ മത്സരിക്കുക.


1996ൽ കോഴിക്കോട്‌ രണ്ടിൽ മത്സരിച്ച ഖമറുന്നീസ അൻവർ മാത്രമാണു കേരളത്തിൽ ലീഗിന്റെ ഒരേ ഒരു വനിതാ സ്ഥാനാർത്ഥി. ആ തെരഞ്ഞെടുപ്പിൽ അവർ പരാജയപ്പെട്ടിരുന്നു. എന്നാൽ കേരളത്തിനു പുറത്ത്‌ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ലീഗ്‌ വനിതാ സ്ഥാനാർത്തികളെ മത്സരിപ്പിച്ച ചരിത്രമുണ്ട്‌. ഇക്കുറി കേരള നിയമസഭയിലേക്കും ലീഗ്‌ വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്ന് ഏറെകുറെ ഉറപ്പായിട്ടുണ്ട് . 


സുഹറ മമ്പാടിനെ കൂടാതെ വനിതാ ലീഗ്‌ ദേശീയ സെക്രട്ടറി നൂർബിന റഷീദ്‌,സംസ്ഥാന സെക്രട്ടറി പി. കുത്സു, എം.എസ്‌.എഫ്‌ ദേശീയ വൈസ്‌ പ്രസിഡന്റ്‌ ഫാതിമ തഹ്‌ലിയ തുടങ്ങിയ പേരുകളാണു ഉയന്നു കേൾക്കുന്നത്‌. മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായിരിക്കെ തുടർച്ചയായി സംസ്ഥാനാ സർക്കാറിന്റെ അവാർഡുകൾ ലഭിച്ചത്‌ അടക്കമുള്ള ഭരണമികവും തുടർന്ന് വനിതാ ലീഗ്‌ സംസ്ഥാന പ്രസിഡന്റായതിനെ തുടർന്ന് സംഘടന കെട്ടിപ്പടുക്കുന്നതിൽ കാണിച്ച മികവും സിഎഎ,എന്‍ആര്‍സി സമരങ്ങളും വാളയാർ, പാലത്തായി തുടങ്ങിയ കേസുകളിലെ സ്ത്രീപക്ഷ ഇടപെടലുകളും എല്ലാം സുഹറ മമ്പാടിനെ കൂടുതൽ ജനപ്രിയമാക്കിയതായി പാർട്ടി കണക്കാക്കുന്നുണ്ട്‌. പകുതിലേറെ വരുന്ന സ്ത്രീ വോട്ടുകൾ ഉറപ്പിക്കാൻ ഒരു വനിതാ സ്ഥാനാർത്ഥി കൂടിയേ തീരൂ എന്നും പാർട്ടി വിലയിരുത്തുന്നു. 


മുസ്‌ലിം ലീഗ്‌ നേതാവ്‌ അഷ്‌റഫ്‌ കോക്കൂരും സാധ്യതാ പട്ടികയിൽ ഉണ്ടെന്നാണു പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന. 2011ലെ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ അശറഫ് കോക്കൂര്‍ മത്സരിച്ചിരുന്നെങ്കിലും സി.പി.എമ്മിലെ അബ്ദുൽ ഖാദറിനോട്‌ പരാജയപ്പെട്ടു.ജില്ലയിലെ പ്രമുഖ സീനിയര്‍ നേതാവെന്ന നിലവില്‍ ഇത്തവണ വിജയ സാധ്യതയുള്ള ഒരു സീറ്റില്‍ അശറഫ് കോക്കൂരിനെ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ് പ്രവര്‍ത്തകര്‍.പൊന്നാനി, തവനൂർ സീറ്റുകളിൽ ഒന്ന് ഇക്കുറി ലീഗും കോൺഗ്രസ്സും വെച്ചുമാറാനും സാധ്യതയുണ്ട്‌.അങ്ങിനെ വന്നാല്‍ ഈ മേഖലയിൽ ഏറെ ജനകീയനായ അഷ്‌റഫ്‌ കോക്കൂരിനു തന്നെ നറുക്ക്‌ വീഴാനാണു സാധ്യത.