24 April 2024 Wednesday

കേരള ബജറ്റ് 2021: ഇലക്‌ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ നികുതി ഇളവ്

ckmnews

ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റില്‍ വിവിധ മേഖലകളില്‍ നികുതി ഇളവുകളും പ്രഖ്യാപിച്ചു. ഇലക്‌ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാനായി മോട്ടോര്‍ വാഹന നികുതിയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിക്കും. 236 ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനും ബജറ്റില്‍ തുക വകയിരുത്തും.

എല്‍എന്‍ജി സിഎന്‍സി വാറ്റ് നികുതി 14.5 ശതമാനമാണ്. നിലവിലുള്ള വാറ്റ് നികുതി നിരക്ക് ബിപിസിഎല്‍, ഫാക്‌ട് തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളിലെ വികസനത്തിനും നിക്ഷേപത്തിനും തടസ്സമാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. വാറ്റ് നികുതി തമിഴ്‌നാടിന് തുല്യമായി അഞ്ചു ശതമാനമാക്കി കുറയ്ക്കുന്നു. സിറ്റി ഗ്യാസ് പദ്ധതിക്ക് ഈ നികുതിയിളവ് സഹായകരമാകും.

166 കോടി രൂപയുടെ വരുമാന നഷ്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. മോട്ടോര്‍ വാഹന നികുതി അഞ്ചു വര്‍ഷത്തേക്ക് അമ്ബത് ശതമാനം നികുതിയിളവ് നല്‍കുന്നു. വ്യവസായ പ്രോത്സാഹനത്തിനായി സ്റ്റാംപ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷനിലും ഇളവു നല്‍കും.

വ്യവസായ മേഖലയിലെ സ്റ്റാംപ് ഡ്യൂട്ടി നാലു ശതമാനമായും രജിസ്‌ട്രേഷന്‍ ഫീ ഒരു ശതമാനമായും കുറച്ചു. 25 കോടി രൂപയുടെ വരുമാന നഷ്ടം പ്രതീക്ഷിക്കുന്നു. വൈദ്യുതി ഉപയോഗത്തില്‍ പത്തു ശതമാനം അധികനികുതി നിലവിലുണ്ട്. പുതിയ വ്യവസായങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് ആ നികുതിയില്ല.