20 April 2024 Saturday

സപ്ലൈക്കോയില്‍ താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം; പ്രതിഷേധവുമായി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ckmnews

തൃശൂര്‍: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലെ പിഎസ്‌സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം. റാങ്ക് ലിസ്റ്റ് നിലവിലിരിക്കേ ഡിസ്‌പ്ലേ, പാക്കിങ് സ്റ്റാഫ് എന്ന പുതിയ തസ്തിക സൃഷ്ടിച്ചാണ് സ്ഥിരപ്പെടുത്തല്‍ നീക്കം നടത്തുന്നത്.

ഇതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് ഡിപ്പോകളിലും വില്‍പനശാലകളിലും 10 വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തുവരുന്ന ദിവസവേതനക്കാരുടെ വിവരശേഖരണം തുടങ്ങിയതായി അസി. സെയില്‍സ്മാന്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

നിലവിലെ റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയാക്കിയ വയനാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് സ്ഥിരപ്പെടുത്തല്‍ നീക്കം നടക്കുന്നത്. റാങ്ക് ലിസ്റ്റ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

സംസ്ഥാനത്ത് 2189 പേര്‍ക്ക് മാത്രമാണ് അഡൈ്വസ് മെമ്മോ ലഭിച്ചത്. 1273 പേര്‍ക്ക് നിയമനം നല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നൂറ്ദിന കര്‍മപരിപാടിയില്‍ 2000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സ്ഥിര നിയമനക്കാര്‍ക്ക് പ്രയോജനം ഉണ്ടായില്ല. സപ്ലൈകോയില്‍ 7883 താല്‍കാലിക തസ്തികയിലാണ് നിയമനം നടത്തിയത്. റാങ്ക് ലിസ്റ്റില്‍ നിന്നാകട്ടെ ഈ കാലയളവില്‍ 101 സ്ഥിരനിയമനമേ നടന്നുള്ളൂ.

തൃശൂര്‍ ജില്ലയില്‍ ഇതുവരെ അസി.സെയില്‍സ്മാന്‍ റാങ്ക് ലിസ്റ്റില്‍ 93 പേര്‍ക്ക് മാത്രമാണ് നിയമനം നടത്തിയത്. റാങ്ക്‌ലിസ്റ്റ് കാലാവധി തീരാന്‍ അഞ്ചുമാസം മാത്രമേ ഉള്ളൂ. കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്ന് 430 നിയമനങ്ങള്‍ നടന്നിരുന്നു. ഈ സാഹചര്യത്തില്‍ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ റഷീദ, ഷിബിന്‍, പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് കൂട്ടായ്മ പ്രതിനിധി കെ.കെ. റിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.