23 April 2024 Tuesday

ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്

ckmnews

 കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കുന്നതിനുള്ള കെ-ഫോണ്‍ പദ്ധതി ഉടന്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. ജൂലൈ മാസത്തോടെ കെഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കും. ഇതിലൂടെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാകും. മുപ്പതിനായിരം സര്‍ക്കാര്‍ ഓഫിസുകള്‍ അതിവേ​ഗ ഇന്‍ട്രാ നെറ്റ് സംവിധാനം വഴി ബന്ധപ്പെടുത്തും. പത്ത് എംബിപിഎസ് മുതല്‍ ജിപിബിഎസ് വരെയുള്ള സ്പീഡ് ഇന്റര്‍നെറ്റിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇന്റര്‍നെറ്റ് ഹൈവേ ആരുടേയും കുത്തകയായിരിക്കില്ല. എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കും. ഇന്റര്‍നെറ്റിന്റെ സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും. കെ ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ വകയിരുത്തി . ഇ​-ഗവേര്‍ണിം​ഗ് സമ്ബ്രദായത്തിന് കെഫോണ്‍ വലിയ ഉത്തേജകമായി. പഞ്ചായത്തുകളില്‍ പല തരത്തിലുള്ള പ്ലാനുകള്‍ നടപ്പിലാക്കി തുടങ്ങി. ഇ ഹെല്‍ത്ത്, ഇ രജിസ്ട്രേഷന്‍, ഇ കൊമേഴ്സ് തുടങ്ങിയ സേവനങ്ങള്‍ മെച്ചപ്പെട്ടു. സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഇന്‍ട്രാ നെറ്റില്‍ ലഭ്യമാകുന്നതോടു കൂടി സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിക്കുമെന്നും മന്ത്രി അറിയിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യയുടെ വികസനം ഈ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ചെറുകിട വ്യവസായങ്ങള്‍, ടൂറിസം ഉള്‍പ്പെടെയുള്ള വാണിജ്യ-വ്യവസായ മേഖലകള്‍, ഇ-കൊമേഴ്‌സ് മേഖലകളിലും ഡിജിറ്റല്‍ സേവനങ്ങള്‍ ഉറപ്പാക്കാന്‍ കെ-ഫോണ്‍ പദ്ധതി ഉപകരിക്കും. കെ-ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.