19 April 2024 Friday

വിസ്മയിപ്പിച്ച് അസ്ഹറുദ്ദീൻ, 37 പന്തിൽ സെഞ്ചുറി; കേരളം മുംബൈയെ വീഴ്ത്തി!

ckmnews

മുംബൈ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആവേശ പ്പോരാട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ വമ്പൻമാരായ മുംബൈയ്ക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. കാസർകോടുകാരൻ മുഹമ്മദ് അസ്ഹറുദ്ദീൻ തകർപ്പൻ സെഞ്ചുറിയുമായി മിന്നിത്തിളങ്ങിയ മത്സരത്തിൽ എട്ടു വിക്കറ്റിനാണ് കേരളം മുംബൈയെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 196 റൺസ്. മറുപടി ബാറ്റിങ്ങിൽ 25 പന്തു ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ കേരളം ലക്ഷ്യത്തിലെത്തി. തുടർച്ചയായ രണ്ടാം ജയത്തോടെ എലീറ്റ് ഗ്രൂപ്പ് ഇയിൽ കേരളം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. കേരളത്തിനൊപ്പം രണ്ടു ജയവുമായി എട്ടു പോയിന്റുള്ള ഡൽഹി ഉയർന്ന റൺറേറ്റിന്റെ ആനുകൂല്യത്തിൽ ഒന്നാമതു നിൽക്കുന്നു. മുംബൈ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.ഓപ്പണറായിറങ്ങിയ അസ്ഹറുദ്ദീൻ 54 പന്തിൽ ഒൻപത് ഫോറും 11 സിക്സും സഹിതം 137 റൺസുമായി പുറത്താകാതെ നിന്നു. അസ്ഹറുദ്ദീന് ഒരു റണ്ണിന് 1000 രൂപവച്ച് 1,37,000 രൂപ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പാരിതോഷികം പ്രഖ്യാപിച്ചു. 20 പന്തിൽനിന്ന് അർധസെഞ്ചുറി പിന്നിട്ട അസ്ഹറുദ്ദീൻ, 37 പന്തിൽനിന്നാണ് 100 കടന്നത്. സഹ ഓപ്പണർ റോബിൻ ഉത്തപ്പ 23 പന്തിൽ നാലു ഫോറുകൾ സഹിതം 33 റൺസെടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസൺ 12 പന്തിൽ നാലു ഫോറുകൾ സഹിതം 21 റൺസെടുത്ത് വിജയത്തിനരികെ പുറത്തായി. സച്ചിൻ ബേബി ഏഴു പന്തിൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.


ഈ സീസണിൽ കേരളത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ കേരളം പുതുച്ചേരിയെ ആറു വിക്കറ്റിന് തോൽപ്പിച്ചിരുന്നു. അതേസമയം, മുംബൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യ മത്സരത്തിൽ ഡൽഹിയോടും മുംബൈ തോറ്റിരുന്നു. ദേശീയ ടീമിൽ കളിച്ചിട്ടുള്ള ധവാൽ കുൽക്കർണി, ശിവം ദുബെ, ഐപിഎൽ താരങ്ങളായ തുഷാർ ദേശ്പാണ്ഡെ, അഥർവ അങ്കൊലേക്കർ തുടങ്ങിയവർ ഉൾപ്പെടുന്ന ബോളിങ് നിരയെയാണ് കേരള താരങ്ങൾ ഇന്ന് തകർത്തു കളഞ്ഞത്.ഓപ്പണിങ് വിക്കറ്റിൽ റോബിൻ ഉത്തപ്പയ്‌ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് അസ്ഹറുദ്ദീൻ കേരളത്തിന്റെ തിരിച്ചടിക്ക് അടിത്തറയിട്ടത്. ഇരുവരും ചേർന്ന് വെറും 57 പന്തിൽ അടിച്ചുകൂട്ടിയത് 129 റൺസാണ്! ഉത്തപ്പയെ മുലാനി വീഴ്ത്തിയശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണിനൊപ്പം രണ്ടാം വിക്കറ്റിൽ വെറും 27 പന്തിൽനിന്ന് 61 റൺസും അസ്ഹറുദ്ദീൻ കൂട്ടിച്ചേർത്തു. സഞ്ജു വിജയത്തിനരികെ പുറത്തായെങ്കിലും സച്ചിൻ ബേബിയെ സാക്ഷിനിർത്തി അസ്ഹറുദ്ദീൻ ടീമിനെ വിജയത്തിലെത്തിച്ചു.


∙ റെക്കോർഡ് ബുക്കിൽ അസ്ഹറുദ്ദീൻ


വെറും 37 പന്തിൽനിന്ന് സെഞ്ചുറിയിലെത്തിയ അസ്ഹറുദ്ദീൻ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ മൂന്നാമത്തെ ട്വന്റി20 സെഞ്ചുറി എന്ന നേട്ടത്തിനൊപ്പമെത്തി. 2018ൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരെ വെറും 32 പന്തിൽനിന്ന് സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെ പേരിലാണ് വേഗമേറിയ സെഞ്ചുറിയുടെ ഇന്ത്യൻ റെക്കോർഡ്. രണ്ടാം സ്ഥാനത്ത് രോഹിത് ശർമയാണ്. 2017ൽ ശ്രീലങ്കയ്‌ക്കെതിരെ 35 പന്തിൽ രോഹിത് സെഞ്ചുറി തികച്ചിരുന്നു. 2010ൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിനുവേണ്ടി 37 പന്തിൽ സെഞ്ചുറിയടിച്ച യൂസഫ് പഠാന്റെ റെക്കോർഡിന് ഒപ്പമെത്തി അസ്ഹർ.


മാത്രമല്ല, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ കൂടിയാണ് അസ്ഹറുദ്ദീന്റെ 137 റൺസ്. ഈ സീസണിൽത്തന്നെ മണിപ്പൂരിനെതിരെ മേഘാലയയ്ക്കുവേണ്ടി പുറത്താകാതെ 149 റൺസടിച്ച പുനീത് ബിഷ്തിന്റെ പേരിലാണ് റെക്കോർഡ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഒരു കേരള താരം സെഞ്ചുറി നേടുന്നതും ഇതാദ്യം. 2012–13ൽ രോഹൻ പ്രേം ഡൽഹിക്കെതിരെ പുറത്താകാതെ നേടിയ 92 റൺസാണ് ഇതിനു മുൻപ് കേരള താരത്തിന്റെ പേരിലുണ്ടായിരുന്ന ഉയർന്ന സ്കോർ.


∙ തകർത്തടിച്ച് മുംബൈ


നേരത്തെ, ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ കളത്തിലിറങ്ങിയ മുംബൈ ബാറ്റ്സ്മാൻമാരെല്ലാം തകർത്തടിച്ചതോടെയാണ് കേരളത്തിനു മുന്നിൽ 197 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 196 റൺസെടുത്തത്. 31 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 42 റൺസെടുത്ത ആദിത്യ താരെയാണ് മുംബൈയുടെ ടോപ് സ്കോറർ. കേരളത്തിനായി ജലജ് സക്സേന, കെ.എം. ആസിഫ് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. അവസാന ഓവറിൽ രണ്ട് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ആസിഫാണ് മുംബൈ 200 കടക്കാതെ തടഞ്ഞത്.


ഓപ്പണർ യശ്വസ്വി ജയ്സ്വാൾ (32 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 40), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (19 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 38), സിദ്ധേഷ് ലാഡ് (12 പന്തിൽ രണ്ട് സിക്സ് സഹിതം 21), സർഫറാസ് അഹമ്മദ് (ഒൻപത് പന്തിൽ ഓരോ സിക്സും ഫോറും സഹിതം 17), ശിവം ദൂബെ (13 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 26) എന്നിവരാണ് മുംബൈയെ മികച്ച സ്കോറിലേക്ക് നയിച്ച മറ്റു താരങ്ങൾ. അഥർവ അൻകൊലേക്കർ ഒരു റണ്ണുമായി അവസാന പന്തിൽ പുറത്തായി. മുളാനി ഒരു റണ്ണുമായി പുറത്താകാതെ നിന്നു.


കേരളത്തിനായി ജലജ് സക്സേന തുടർച്ചയായ രണ്ടാം മത്സരത്തിലും മൂന്നു വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 34 റൺസ് വഴങ്ങിയാണ് സക്സേന മൂന്നു വിക്കറ്റെടുത്തത്. അവസാന ഓവറിൽ സർഫറാസ് ഖാൻ, ശിവം ദുബെ, അൻകൊലേക്കർ എന്നിവരെ പുറത്താക്കിയ കെ.എം. ആസിഫ് നാല് ഓവറിൽ വഴങ്ങിയത് 25 റൺസ് മാത്രം. എം.ഡി. നിധീഷിന് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ 50 റൺസ് വഴങ്ങി.


പുതുച്ചേരിക്കെതിരായ ആദ്യ മത്സരത്തിലൂടെ ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം കളത്തിലേക്കു തിരിച്ചെത്തിയ പേസ് ബോളർ എസ്. ശ്രീശാന്ത് മുംബൈയ്‌ക്കെതിരായ മത്സരത്തിൽ നിരാശപ്പെടുത്തി. നാല് ഓവർ ബോൾ ചെയ്ത ശ്രീശാന്ത് 47 റൺസ് വഴങ്ങി. വിക്കറ്റൊന്നും ലഭിച്ചുമില്ല. പുതുച്ചേരിക്കെതിരെ ശ്രീശാന്ത് നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു.ഓപ്പണിങ് വിക്കറ്റിൽ 88 റൺസിന്റെ കൂട്ടുകെട്ട് തീർത്ത യശ്വസി ജയ്സ്വാൾ – ആദിത്യ താരെ സഖ്യമാണ് മുംബൈയ്ക്ക് മികച്ച സ്കോറിന് അടിത്തറയിട്ടത്. പിന്നീട് മൂന്നാം വിക്കറ്റിൽ 26 പന്തിൽനിന്ന് 49 റൺസടിച്ച സൂര്യകുമാർ യാദവ് – സിദ്ധേഷ് ലാഡ് സഖ്യം മുംബൈയെ 150ൽ എത്തിച്ചു. ഒരു റണ്ണിന്റെ ഇടവേളയിൽ ഇരുവരും പുറത്തായെങ്കിലും ശിവം ദുബെ, സർഫറാസ് ഖാൻ എന്നിവർ ചേർന്ന് മുംബൈയെ 200ന് തൊട്ടടുത്തെത്തിച്ചു.