29 March 2024 Friday

രാജ്യത്തെ അങ്കണവാടികള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് സുപ്രീംകോടതി

ckmnews

കോവിഡിനെ തുടര്‍ന്ന് അടച്ച രാജ്യത്തെ അങ്കണവാടികള്‍ ഈ മാസം തന്നെ തുറക്കാമെന്ന് സുപ്രീംകോടതി. കണ്ടയ്മെന്‍റ് സോണില്‍ ഒഴികെ അങ്കണവാടികള്‍ തുറക്കാം. ഇതുസംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.

ജനുവരി 31 നകം സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കണം. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ലഭ്യമാകുന്നില്ലെന്ന് കാട്ടി സര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. എല്ലാ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
വനിതാ ശിശു വികസന മന്ത്രാലയം ഇക്കാര്യം ഉറപ്പാക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അങ്കണവാടികള്‍ അടച്ചിട്ടിരുന്നു. ഇതേതുടര്‍ന്ന് മുലയൂട്ടുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണ-ആരോഗ്യ സൗകര്യങ്ങള്‍ മുടങ്ങുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും അങ്കണ വാടികള്‍ നേരത്തെ തുറന്നിരുന്നു. എന്നാല്‍ കുട്ടികളെ പ്രവേശിപ്പിച്ചിട്ടില്ല. പോഷകാഹാരങ്ങള്‍ അങ്കണവാടികളില്‍ നിന്ന്‌ ഗുണഭോക്താക്കളുടെ വീട്ടിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.