അഞ്ച് വയസ്സു മുതല്‍ 16 വയസ്സു വരെ പ്രായമുള്ള കുട്ടിക്കളളന്മാര്‍ വിലസുന്നു; ദ്വാരങ്ങളിലൂടെയും ജനാല തകര്‍ത്തും കയറ്റിവിടും , വലഞ്ഞ് പൊലീസ്

കണ്ണൂര്‍: മലയോരത്ത് വീണ്ടും കുട്ടിക്കളളന്മാര്‍ വിലസുന്നു. ഇവരെ തടയാന്‍ പ്രതിവിധിയില്ലാതെ പൊലീസും നാട്ടുകാരും വലയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തൊണ്ടിയിലും കണിച്ചാറിലും നടന്ന മോഷണങ്ങളില്‍ അന്വേഷണം നടത്തിയപ്പോഴാണ് കുട്ടിക്കള്ളന്‍മാര്‍ വീണ്ടും തിരിച്ചെത്തിയതായി പൊലീസ് കണ്ടെത്തിയത്. അഞ്ച് വയസ്സു മുതല്‍ 16 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ അടങ്ങുന്ന സംഘമാണ് തൊണ്ടിയിലെ വ്യാപാര സ്ഥാപനത്തില്‍ മോഷണം നടത്തിയത്.
വ്യാപാര സ്ഥാപനത്തിന് ഉളളിലേക്ക് ചെറിയ ദ്വാരങ്ങളിലൂടെയും ജനാലകള്‍ തകര്‍ത്തും ചെറിയ കുട്ടികളെ അകത്ത് കയറ്റി വിടുന്നു. ഈ കുട്ടി വാതിലുകളും ഗ്രില്ലുകളും തുറന്നു കൊടുത്താല്‍ അതുവഴി മുതിര്‍ന്ന കുട്ടികള്‍ കയറി മോഷണം നടത്തുന്നു. മേശയില്‍ ഉള്ള പണവും ഭക്ഷണ വസ്തുക്കളും ആണ് മോഷ്ടിക്കുന്നത്.
ഷട്ടറുകളുടെയും അഴികളുടെയും ഇടയിലൂടെ ചെറിയ കുട്ടികളെ കയറ്റി വിട്ട് മോഷണം നടത്തിക്കുന്ന രീതിയും ഉണ്ട്. മുന്‍പും കുട്ടി മോഷ്ടാക്കള്‍ മലയോരത്ത് ഭീഷണി ഉയര്‍ത്തിയിരുന്നു. അഞ്ച് വര്‍ഷത്തില്‍ അധികമായി കുട്ടി മോഷ്ടാക്കളുടെ ശല്യം മലയോരത്ത് തുടങ്ങിയിട്ട്. പല തവണ പൊലീസ് ഈ സംഘങ്ങളെ പിടി കൂടിയിട്ടുണ്ട്.
എന്നാല്‍ കൊച്ചു കുട്ടികളാണ് മോഷ്ടാക്കള്‍ എന്ന് കണ്ടെത്തുമ്ബോള്‍ പരാതിക്കാര്‍ പിന്‍വാങ്ങും. കുട്ടികളെ ജുവനൈല്‍ ഹോമുകളില്‍ എത്തിച്ചിരുന്നു. അവിടെ നിന്നും കുട്ടികള്‍ രക്ഷപെട്ട സംഭവങ്ങളും ഉണ്ടായതോടെ എന്തു ചെയ്യും എന്നറിയാതെ പൊലീസും നട്ടം തിരിഞ്ഞിരുന്നു. എന്നാല്‍ ഇടക്കാലത്ത് ഇവരുടെ ശല്യം കുറഞ്ഞിരുന്നു.
ലോക് ഡൗണ്‍ കാലത്ത് ഇത്തരം സംഘങ്ങള്‍ ഒട്ടും മോഷണം നടത്തിയില്ല. എന്നാല്‍ ഏതാനും ദിവസങ്ങളായി കുട്ടി സംഘങ്ങള്‍ മോഷണത്തിന് ഇറങ്ങിയിരിക്കുകയാണ്. വീടുകളിലും ഈ സംഘങ്ങള്‍ മോഷണം നടത്തുന്നുണ്ട്