20 April 2024 Saturday

ശബരിമല തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു

ckmnews

പത്തനംതിട്ട: മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെട്ടു. വലിയ കോയിക്കല്‍ ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ പൂര്‍ത്തിയാക്കി ഉച്ചക്ക് ഒരു മണിയോടെയാണ് യാത്ര ആരംഭിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ ഭക്തരുടെ തിരക്ക് നിയന്ത്രിച്ചായിരുന്നു ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. ഈ മാസം 14 നാണ് മകരവിളക്ക്.

പന്തളം സ്രാമ്ബിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണു ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങള്‍ ശിരസ്സിലേറ്റി കാല്‍നടയായി ശബരിമലയില്‍ എത്തിക്കുന്നത്. പന്തളം കൊട്ടാരത്തിലെ അശുദ്ധി കാരണം രാജകുടുംബത്തിന്റെ പ്രതിനിധി ഇത്തവണ ഘോഷയാത്രയിലുണ്ടാകില്ല. രാജകുടുംബ പ്രതിനിധിയുടെ സാന്നിധ്യത്തില്‍മാത്രം നടത്തേണ്ട ചില ചടങ്ങുകളും ഒഴിവാക്കി. .

രാവിലെ 11.45 ഓടെയാണ് ഗുരുസ്വാമിമാരുടെ നേതൃത്വത്തില്‍ കൊട്ടാരത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിലെത്തിച്ചത്. തുടര്‍ന്ന് ആചാരപ്രകാരം പൂജകള്‍ പൂര്‍ത്തിയാക്കി തിരുവാഭരണ പേടകം പ്രത്യേകം ഒരുക്കിയ പീഠത്തിലേക്ക് മാറ്റി. ഉച്ചപൂജകക്ക് ശേഷം ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിന് മുകളില്‍ വട്ടമിട്ട് പറന്ന് യാത്രാ അനുമതി നല്‍കിയതോടെ മറ്റ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. കൊട്ടാരം കുടുംബാംഗങ്ങള്‍ പ്രദക്ഷിണമായി എത്തി പേടകം എടുത്ത് കിഴക്കെ നടയിലെത്തിച്ചു. ഒരു മണിയോടെ തിരുവാഭരണങ്ങള്‍ ഗുരുസ്വാമി ചുമലിലേറ്റിയതോടെ യാത്ര ആരംഭിച്ചു