23 April 2024 Tuesday

എടപ്പാളില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മ മരിച്ചു:ചികിത്സാപിഴവെന്ന് ആരോപണം ബന്ധുക്കള്‍ ചങ്ങരംകുളം പോലീസിന് പരാതി നല്‍കി

ckmnews

എടപ്പാൾ:ശുകപുരം ഹോസ്പിറ്റലിൽ ചികിത്സയില്‍ ആയിരുന്ന വീട്ടമ്മ ശസ്ത്രക്രിയക്കിടെ മരിച്ചു.കരിങ്കല്ലത്താണി കാഞ്ഞിരമുക്ക് സ്വദേശിനിയും, കാട്ടിൽ ഹൗസ് കബീറിന്റെ  ഭാര്യയുമായ സുബൈദ (45) ആണ് ശസ്ത്രക്രിയക്കിടെ ആശുപത്രിയില്‍ മരിച്ചത്.മരണത്തിൽ ദുരൂഹത ഉണ്ടെന്നും ചികിത്സ പിഴവാണ് മരണകാരണമെന്നും കാണിച്ച് മരിച്ച സുബൈദയുടെ ബന്ധുക്കൾ ചങ്ങരംകുളം പോലീസിൽ പരാതി നൽകി. മൂത്രസഞ്ചിയിലെ കല്ല് നീക്കം ചെയ്യുന്നതിനായുള്ള സർജറിക്ക് വേണ്ടിയാണ് ബുധനാഴ്ച രാവിലെ സുബൈദയെ എടപ്പാളിലെ ശുകപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിപ്പിച്ച സുബൈദയെ ഉച്ച കഴിഞ്ഞിട്ടും ബന്ധുക്കള്‍ക്ക് കാണാന്‍ അനുവദിച്ചില്ലെന്നും തുടർന്ന് ബന്ധുക്കൾ ചോദ്യം ചെയ്തപ്പോഴാണ് സർജറിക്കിടയിൽ ഹൃദയാഘാതം സംഭവിച്ച് സുബൈദ മരിച്ചെന്ന വിവരം ആശുപത്രി അധികൃതർ അറിയിച്ചെതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.അനസ്‌തേഷ്യ നൽകിയതിലുണ്ടായ വീഴ്ചയാണ് മരണത്തിലേക്ക് നയിച്ചതെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നും ആരോപിച്ചാണ് സുബൈദയുടെ ബന്ധുക്കൾ ചങ്ങരംകുളം പോലീസിൽ പരാതി നല്‍കിയത്.ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും ശസ്ത്രക്രിയക്കിടെ ഉണ്ടായ ഹൃദയാഘാതമാവാം മരണ കാരണമെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ഏറെ നേരം സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച മഞ്ചേരി മെഡിക്കൽ കോളേജില്‍ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്യേഷണം നടത്തുമെന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍      നടപടികള്‍ ഉണ്ടാവുമെന്നും സിഐ ബഷീര്‍ ചിറക്കല്‍ പറഞ്ഞു.