24 April 2024 Wednesday

ലേറ്റസ്റ്റ് ന്യൂസ്‌ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി; വിഷയം പഠിക്കുന്നതിന് നാലംഗ സമിതി രൂപവത്കരിച്ചു

ckmnews

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്. വിഷയം പഠിക്കുന്നതിന് കോടതി നാലംഗ സമിതി രൂപവത്കരിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കരുതെന്നും കോടതി പറഞ്ഞു.

സ്വതന്ത്ര കമ്മിറ്റി രൂപവത്കരിക്കുന്നതില്‍ നിന്ന് തങ്ങളെ തടയാന്‍ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന് ഹര്‍ജി പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്ബോഴാണ് കോടതി ഇക്കാര്യം പരാമര്‍ശിച്ചത്. ലോകത്ത് ഒരു ശക്തിക്കും സ്വതന്ത്ര കമ്മിറ്റി രൂപവത്കരിക്കുന്നതില്‍ നിന്ന് തങ്ങളെ തടയാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സമിതി മുമ്ബാകെ വരാം. ആരെയും ശിക്ഷിക്കാനുള്ളതല്ല സമിതി. സമിതി റിപോര്‍ട്ട് നല്‍കുന്നത് കോടതിക്ക് ആയിരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

നിയമം താല്‍കാലികമായി റദ്ദാക്കാനുള്ള ഭരണഘടനാപരമായ അധികാരം തങ്ങള്‍ക്കുണ്ട്. എന്നാല്‍ അതുകൊണ്ട് പ്രത്യേകിച്ച്‌ കാര്യമില്ല. അതുകൊണ്ടാണ് വിദഗ്ധ സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വിദഗ്ധ സമിതിയുടെ തീരുമാനം അറിഞ്ഞ ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കുന്നതിന് വിരമിച്ച ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ വിദഗ്ധസമിതി രൂപികരിക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചില്ല എങ്കില്‍ സ്റ്റേ ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.

അതിനിടെ കാര്‍ഷിക നിയമങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന വ്യക്തമാക്കി. അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് ചെയ്യാമെന്നും ഇതിനോട് കോടതി പ്രതികരിച്ചു.

നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ന്യായവും സ്വീകാര്യവുമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം ഫയല്‍ ചെയ്തിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പെട്ടെന്ന് കൊണ്ടുവന്നതല്ല. അതിനാല്‍ കാര്‍ഷിക മേഖലയിലെ പരിഷ്‌കരണങ്ങളില്‍നിന്ന് പിന്മാറാന്‍ കഴിയില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകര്‍ക്ക് നിയമങ്ങള്‍ സ്വീകാര്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ് മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഒരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് നിയമങ്ങളെ എതിര്‍ക്കുന്നത്. അവരുമായി ചര്‍ച്ച നടത്തി വരിയാണ്. മുന്‍വിധികളോടെയാണ് ചില കര്‍ഷക സംഘടനകള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. നിയമത്തെ കുറിച്ച്‌ കര്‍ഷകര്‍ക്ക് ഇടയില്‍ തെറ്റായ കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ കര്‍ഷകര്‍ അല്ലാത്ത ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കാര്‍ഷിക നിയമങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അഭിഭാഷകര്‍ മുഖേന വ്യക്തമാക്കിയിരുന്നു. തര്‍ക്ക പരിഹാരത്തിന് ഇടപെടുന്ന സുപ്രീം കോടതിയോട് നന്ദിയുണ്ട്. എന്നാല്‍ നിയമത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ കോടതി രൂപീകരിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ല. നിയമങ്ങള്‍ സ്റ്റേ ചെയ്യാന്‍ അധികാരമുള്ള കോടതിക്ക് അവ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കാന്‍ അധികാരം ഉണ്ടെന്നും സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.