24 April 2024 Wednesday

പുതിയ നിബന്ധനകള്‍ സ്വകാര്യതയെ ബാധിക്കില്ല; അഭ്യൂഹങ്ങളില്‍ വിശദീകരണവുമായി വാട്‌സ് ആപ്പ്

ckmnews

പുതിയ പ്രൈവസി പോളിസി അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് വാട്‌സ് ആപ്പിനെതിരേ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ക്ക് വിശദീകരണവുമായി വാട്‌സ് ആപ്പ് രംഗത്ത്. പുതിയ അപ്‌ഡേഷന്റെ ഭാഗമായുള്ള നിബന്ധനകള്‍ സ്വകാര്യതയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് വാട്‌സ് ആപ്പ് വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യതയെ പുതിയ പ്രൈവസി പോളിസി ബാധിക്കില്ലെന്ന് വാട്‌സാപ്പ് പറയുന്നു. ബിസിനസ് വാട്‌സ് ആപ്പിലാണ് പുതിയ വ്യവസ്ഥകള്‍ കൊണ്ടുവന്നിരിക്കുന്നത്.


ചില അഭ്യൂഹങ്ങളില്‍ 100 ശതമാനം വ്യക്തത വരുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്വകാര്യസന്ദേശങ്ങള്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് ഞങ്ങള്‍ തുടരും. ഞങ്ങളുടെ പ്രൈവസി പോളിസി അപ്‌ഡേറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ സന്ദേശങ്ങളുടെ സ്വകാര്യതയെ ബാധിക്കുകില്ല. പരസ്യത്തിനായി ഒരുകാരണവശാലും ഞങ്ങള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കുമായി പങ്കിടുന്നില്ല. സ്വകാര്യചാറ്റുകള്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് അതിലെ ഉള്ളടക്കം കാണാന്‍ കഴിയില്ല. ഉപയോക്താക്കള്‍ സന്ദേശങ്ങള്‍ അയക്കുമ്ബോള്‍ സ്വകാര്യത സംരക്ഷിക്കുന്നതിന് കൂടുതല്‍ ക്രമീകരണങ്ങളാണ് വരുത്തിയിരിക്കുന്നത്.