ഹണിട്രാപ്: യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്; പൊലീസിന് ക്ലാസ് എടുക്കുന്ന യുവാവ് ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

കോട്ടയം: ( 09.01.2021) സോഷ്യല്‍ മീഡിയയിലൂടെ യുവാവിന്റെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പൊലീസിന് വേണ്ടി സൈബര്‍ സുരക്ഷാ ക്ലാസ് എടുക്കുന്ന യുവാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. തിരുവാതുക്കല്‍ വേളൂര്‍ തൈപ്പറമ്ബില്‍ ടി എസ് അരുണ്‍ (29), തിരുവാര്‍പ്പ് കിളിരൂര്‍ ചെറിയ കാരയ്ക്കല്‍ ഹരികൃഷ്ണന്‍ (23), പുത്തന്‍പുരയ്ക്കല്‍ അഭിജിത്ത് (21), തിരുവാര്‍പ്പ് മഞ്ഞപ്പള്ളിയില്‍ ഗോകുല്‍ (20) എന്നിവരാണ് അറസ്റ്റിലായത്.
താഴത്തങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുകിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി യുവാവ് വീഡിയോ ചാറ്റ് നടത്തി. ഇതില്‍ യുവതിയുടെ മുഖം കാണിക്കാതെയുള്ള നഗ്നവിഡിയോയും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വീഡിയോ സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും പണം നല്‍കണമെന്നും അടുത്ത ദിവസം സംഘം ആവശ്യപ്പെട്ടു. ഭീഷണി വര്‍ധിച്ചതോടെയാണ് പരാതി നല്‍കിയത്. പൊലീസ് നിര്‍ദേശാനുസരണം പ്രതികളുമായി സംസാരിച്ച ശേഷം രണ്ടു ലക്ഷം നേരിട്ടു കൈമാറാമെന്ന് അറിയിച്ചു. പണം വാങ്ങാന്‍ എത്തിയ സംഘത്തെ ഡിവൈഎസ്പി ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
കോടിമത ബോട്ട് ജെട്ടി റോഡില്‍ സൈബര്‍ സുരക്ഷാ സ്ഥാപനം നടത്തിവരികയായിരുന്നു അരുണ്‍. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൈബര്‍ സുരക്ഷാ ക്ലാസുകള്‍ അരുണ്‍ എടുത്തിരുന്നു. പൊലീസ് ബന്ധങ്ങള്‍ ഉള്ളതിനാല്‍ പിടിക്കപ്പെടില്ലന്ന ഉറപ്പിലാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.