28 March 2024 Thursday

കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ് നാലാമത്തെ നായയുടെ ജഡം; വയനാട്ടില്‍ ഭീതി പരത്തി കടുവ

ckmnews

വയനാട്: മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ജീവനു ഭീഷണിയായി കടുവ. വയനാട് കൊളവളളിയിലാണ് കടുവയുടെ ഭീഷണി രൂക്ഷമായിരിക്കുന്നത്. നാലോളം വളര്‍ത്തുനായകളെയാണ് കടുവ ഇതുവരെ കൊന്നത്.

കടുവ കൊന്ന നായകളിലൊന്ന് ഇന്നലെ രാവിലെ ഏഴ് വരെ മുറ്റത്തുണ്ടായിരുന്നെന്ന് പ്രദേശവാസിയായ സ്വാമി പറയുന്നു. രാവിലെ വീട്ടുകാര്‍ ക്ഷീരസംഘത്തില്‍ പാല്‍ അളക്കാന്‍ പോയപ്പോള്‍ നായ ഒപ്പമുണ്ടായിരുന്നു. അതിനു ശേഷമാണ് കടുവ പിടിച്ചത്. വീട്ടില്‍ നിന്ന് 50 മീറ്റര്‍ മാത്രം അകലെ കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിലയിലാണ് തിരച്ചില്‍ സംഘം നായയുടെ ജഡം കണ്ടെത്തിയത്.

കടുവ സ്ഥലത്തുണ്ടെന്ന് വ്യക്തമായതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. കന്നുകാലികള്‍ക്ക് പുല്ലരിയാനും പശുക്കളെ പുറത്തു കൊണ്ടുപോകാനും തോട്ടത്തില്‍ പോകാനും ആളുകള്‍ക്ക് ഭയമാണ്. സന്ധ്യയാകുന്നതോടെ ഗ്രാമങ്ങളില്‍ ആളനക്കമില്ലാത്ത അവസ്ഥയാണ്. ക്യാമറയില്‍ കടുവയുടെ ദൃശ്യം പതിഞ്ഞാല്‍ കൂട് സ്ഥാപിക്കുന്നതടക്കമുളള നടപടികള്‍ വേഗത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഓര്‍ത്തഡോ‌ക്‌സ് പളളിക്ക് സമീപത്തെ തോട്ടത്തിലൂടെ കടുവ നീങ്ങുന്നതായി കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് ഉച്ചവരെ തിരഞ്ഞുവെങ്കിലും കണ്ടെത്തിയില്ല. കടുവയെ കണ്ടതായി പലരും പറയുന്നുണ്ടെങ്കിലും വനപാലകരാരും കണ്ടിട്ടില്ല. ഇന്നലെ പ്രദേശം അരിച്ചുപെറുക്കി തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ പിടികൂടാനായില്ല.