23 April 2024 Tuesday

മഡ് ഫുട്ബോള്‍ കളിയുടെ ലാഘവത്തോടെ അവർ നടീലിനിറങ്ങി ശ്രദ്ധേയമായി യുവാക്കളുടെ നടീല്‍ പരിശീലനം

ckmnews

മഡ് ഫുട്ബോള്‍ കളിയുടെ ലാഘവത്തോടെ അവർ നടീലിനിറങ്ങി 


 ശ്രദ്ധേയമായി യുവാക്കളുടെ നടീല്‍ പരിശീലനം


എടപ്പാൾ: തൊഴിൽ വരുമാനം ഒപ്പം രാഷ്ട്ര സേവനവും എന്ന സന്ദേശമുയർത്തി നടപ്പിലാക്കുന്ന റൈസ് ബ്രിഗേഡ് കാർഷിക പരിശീലന പദ്ധതിയിലാണ് 

മഡ് ഫുട്ബോൾ കളിയുടെ ലാഘവത്തോടെ യുവാക്കൾ നടീലിനായി ഇറങ്ങിയത്.രാജ്യത്തിൻ്റെ അതിർത്തി കാക്കുന്ന സൈനീകനെ പോലെ രാജ്യത്തിൻ്റെ ഭക്ഷ്യ സുരക്ഷയുടെ കാവൽക്കാരായ കർഷകർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യവും കൃഷിയിലൂടെ യുവാക്കളെ രാഷ്ട്ര സേവനത്തിനായി പ്രാപ്ത്തരാക്കുക എന്ന ലക്ഷ്യവും മുന്നിൽ കണ്ടാണ് മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രയിലെ ശാസ്ത്രജ്ഞൻ  ഡോ: പി.കെ അബ്ദുൾ ജബ്ബാർ റൈസ് ബ്രിഗേഡ് കാർഷിക പരിശീലന പദ്ധതി രൂപപ്പെടുത്തിയത്.തൊഴിലില്ല എന്ന് വിലപിക്കുന്ന യുവ സമൂഹത്തിന് മുന്നിൽ കൃഷിയിടത്തിലെ വലിയൊരു തൊഴിൽ സാധ്യതയുമായാണ്  റൈസ് ബ്രിഗേഡ് പദ്ധതി അവതരിപ്പിക്കുന്നത്.ഈ തൊഴിൽ സാധ്യതകളെ തിരിച്ചറിഞ്ഞ് കേരളത്തിൻ്റെ പാടശേഖരങ്ങളിൽ നിന്നും അതിഥി തൊഴിലാളികളായ യുവാക്കൾ നേടുന്നത് കോടികളാണ്.650 ഏക്കറോളം വരുന്ന കോലത്ത് പാടം കോളിൽ നിന്നു മാത്രം രണ്ട് മാസം കൊണ്ട് ഇവർ നേടുന്നത് ഏകദേശം 37 ലക്ഷം രൂപയോളമാണ്. ഈ അവസരം സ്ത്രീ പുരുഷ ഭേദമന്യേ നമ്മുടെ യുവജനങ്ങൾക്ക് നേടികൊടുക്കുക എന്ന ലക്ഷ്യത്തിലാണ് റൈസ് ബ്രിഗേഡ് കാർഷിക പരിശീലന പദ്ധതി നടപ്പിലാക്കുന്നത്.നെൽ കൃഷി മേഖലയിൽ സംസ്ഥാനത്തു തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിശീലന പദ്ധതി നടപ്പിലാക്കുന്നത്. നെൽകൃഷിയിലെ ഏറ്റവു പുതിയ രീതിയായ ഇരട്ട വരിയിലാണ് ഇവർക്ക് പരിശീലനം നൽകുന്നത്.ആദ്യഘട്ടത്തിൽ 12 പേർക്ക് എടപ്പാൾ ഗ്രാമപഞ്ചായത്തിലെ കോലൊളമ്പ് മടയ കോൾ പാടത്താണ് പരിശീലനം ഒരുക്കിയത്. വിവിധ സംഘടനകൾക്കും, ക്ലബ്ബുകൾക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാം.പരിശീലനം പൂർത്തിയാകുന്നതോടെ തരിശുഭൂമികൾ ഏറ്റെടുത്ത് കൃഷിഭൂമിയാക്കി മാറ്റാനും, കൂടാതെ മറ്റുള്ളവരുടെ കൃഷിഭൂമികളിൽ കരാർ അടിസ്ഥാനത്തിൽ ഞാറ് നട്ട് കൊടുക്കാനും യുവതലമുറ പ്രാപ്ത്തരാകും.ഈ പദ്ധതി കാർഷിക മേഖലയിലെ വലിയ തൊഴിൽ സാധ്യതയിലേക്കുള്ള വഴികളാണ് തുറന്നിടുന്നത്.മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രയിലെ ശാസ്ത്രജ്ഞൻ  ഡോ: പി.കെ അബ്ദുൾ ജബ്ബാർ, എടപ്പാൾ കൃഷി ഓഫീസർ എം.വി.വിനയൻ, കർഷ കോത്തമ അവാർഡ് ജേതാവ് ഇ.അബ്ദുൾ ലത്തീഫ് ,കെ.എ.ജയാനന്ദൻ ,മാടക്കാട്ടയിൽ അബ്ദുൾ റസാഖ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടികൾ നടത്തിയത്.