28 March 2024 Thursday

കോവിഡ് വാക്‌സിന്‍ രണ്ട് ദിവസത്തിനുള്ളില്‍ എത്തിച്ചു നല്‍കും: പൂനെ പ്രധാന കേന്ദ്രം, വിമാനങ്ങള്‍ അനുവദിച്ചു ;നാളെ രാജ്യവ്യാപകമായി ഡ്രൈറണ്‍

ckmnews

സംസ്ഥാനങ്ങളിലേക്ക് കോവിഡ് വാക്‌സിനുകള്‍ യാത്രാ വിമാനങ്ങളില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്നോ നാളയോ ആയി വാക്‌സിന്‍ വിതരണത്തിന് എത്തിച്ചു നല്‍കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.


കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ പ്രധാന കേന്ദ്രം പൂനെ ആയിരിക്കും ഇവിടെ നിന്നും വിവിധ സംസ്ഥാനങ്ങളിലെ 41 കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ എത്തിച്ചു നല്‍കും. ഉത്തരേന്ത്യയില്‍ ദല്‍ഹിയും കര്‍ണാലും, കിഴക്കന്‍ മേഖലയില്‍ കൊല്‍ക്കത്തയും വാക്‌സിന്‍ വിതണത്തിന്റെ മിനി ഹബ്ബുകളായി പ്രവര്‍ത്തിക്കും. ചെന്നൈയും ഹൈദരാബാദുമാണ് ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രങ്ങള്‍.

വാക്‌സിന്‍ വിതരണത്തിന് സജ്ജമായതോടെ വെള്ളിയാഴ്ച രാജ്യവ്യാപകമായി ഡ്രൈറണ്‍ നടത്തും. ഇതിന്റെ മുന്നോടിയായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. ആദ്യ ഘട്ടത്തില്‍ നാല് സംസ്ഥാനങ്ങളില്‍ നടത്തിയ ഡ്രൈ റണ്ണിന്റെ പ്രതികരണങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പുരോഗതി വരുത്തേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്തു. തടസ്സമില്ലാതെ വാക്സിന്‍ വിതരണം നടത്തുന്നതിന്റെ ശ്രമങ്ങളാണിപ്പോള്‍ നടക്കുന്നത്. വാക്സിനെതിരായ തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും കേന്ദ്രമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


അതേസമയം ഉത്തര്‍പ്രദേശിലും ഹരിയാണയിലും വെള്ളിയാഴ്ച കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ ഉണ്ടാകില്ല. ജനുവരി അഞ്ചിന് ഉത്തര്‍പ്രദേശിലുടനീളം ഡ്രൈ റണ്‍ നടത്തിയതാണ്. ഹരിയാനയില്‍ ഇന്നും നടത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി രണ്ടിന് 125 ജില്ലകളിലായി 286 കേന്ദ്രങ്ങളിലും ഡ്രൈ റണ്‍ നടത്തിയിരുന്നു.