20 April 2024 Saturday

പാറമേക്കാവ്, തിരുവമ്ബാടി വേലകള്‍ : വെടിക്കെട്ടിന് അനുമതിയില്ല

ckmnews

തൃശൂര്‍ : ജനുവരി 9 ന് നടക്കുന്ന പാറമേക്കാവ് വേലയോടും 11 ന് നടക്കുന്ന തിരുവമ്ബാടി വേലയോടും അനുബന്ധിച്ച്‌ നടത്താന്‍ നിശ്ചയിച്ചിരുന്ന വെടിക്കെട്ട്, പൊതു പ്രദര്‍ശനം എന്നിവയ്ക്ക് കോവിഡ് പശ്ചാത്തലത്തില്‍ അനുമതി ഉണ്ടായിരിക്കുന്നതല്ലെന്ന് അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.


കോവിഡ് 19 ന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ 2021 ജനുവരി 31 വരെ തുടരുമെന്നുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഉത്സവ സമയങ്ങളില്‍ വെടിക്കെട്ടിനും പൊതുപ്രദര്‍ശനത്തിനും അനുമതി നല്‍കുന്നത് ആള്‍ക്കൂട്ടമുണ്ടാകുന്നതിന് ഇടവരുത്തുമെന്നതിനാലാണ് അനുമതി നിഷേധിച്ചത്.


സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവനുസരിച്ച്‌ മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണമുണ്ട്. ക്ഷേത്രത്തിനകത്ത് നടക്കുന്ന ചടങ്ങുകള്‍ക്ക് 100 പേര്‍ക്കും തുറസ്സായ സ്ഥലത്ത് നടക്കുന്ന ചടങ്ങുകള്‍ക്ക് 200 പേര്‍ക്കുംമാത്രമാണ്് പ്രവേശന അനുമതി.


ഇരു വേലകള്‍ക്കും ആനയെ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് എലിഫന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ നിര്‍ദേശം അനുസരിച്ച്‌ പരിമിതപ്പെടുത്തി പൂര്‍ത്തീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.