20 April 2024 Saturday

കേരളത്തിൽ മെമു - പാസഞ്ചർ തീവണ്ടി സർവ്വീസ് പുനരാംഭിക്കണം:ഷെവലിയാര്‍ സിഇ ചാക്കുണ്ണി

ckmnews

കേരളത്തിൽ

മെമു - പാസഞ്ചർ

തീവണ്ടി സർവ്വീസ്

പുനരാംഭിക്കണം:ഷെവലിയാര്‍ സിഇ ചാക്കുണ്ണി


ചങ്ങരംകുളം:കേരളത്തിൽ മെമു-പാസഞ്ചർ തീവണ്ടി സർവീസ് പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ  റെയിൽ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.സമസ്ത മേഖലകൾക്കും പ്രവർത്തന അനുമതി നൽകിയിട്ടും സാധാരണക്കാർക്ക് ചിലവുകുറഞ്ഞതും താരതമ്യേന സുരക്ഷിതവും, സമയലാഭവും ലഭിക്കുന്ന മെമു - പാസഞ്ചർ ട്രെയിൻസർവീസ് നടത്തുന്നതിന് അനുമതി നൽകാത്തത് യാത്രക്കാരോടുള്ള വെല്ലുവിളി ആണെന്ന് അസോസിയേഷൻ ദേശീയ വർക്കിങ് ചെയർമാനും ,കേരള ഘടകം  റീജിയൻ പ്രസിഡൻ്റുമായ  ഷെവലിയാർ സി.ഇ ചാക്കുണ്ണി    അഭിപ്രായപ്പെട്ടു.


   ഈ ആവശ്യം ഉന്നയിച്ച് റെയിൽവേ മന്ത്രി, ബോർഡ് ചെയർമാൻ, സോണൽ മാനേജർ, ഡിവിഷണൽ മാനേജർമാർ , മലയാളികളായ അമിനിറ്റിസ് കമ്മിറ്റി ചെയർമാൻ , അംഗം സി .രവീന്ദ്രൻ എന്നിവർക്ക് നിവേദനം സമർപ്പിച്ചിരുന്നു. 


അതാതു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ ആവശ്യപ്പെട്ടാൽ മെമു-പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ സന്നദ്ധമാണ് എന്നാണ് അറിയിച്ചത്.  ചീഫ് സെക്രട്ടറിയുടെ അനുമതി വൈകുന്നതു മൂലം ജൂൺ 30, ജൂലൈ 3, 2020ന്  കേരള ഗവർണർ, കേരള മുഖ്യമന്ത്രി, റെയിൽവേ ചുമതല വഹിക്കുന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകി  .

  കർണാടക , തമിഴ്നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം മെമു - പാസഞ്ചർ  പകൽ ട്രെയിനുകളും ഓടിത്തുടങ്ങി യിട്ടുണ്ട്

   അനുദിനം യാത്രക്കാർ പെരുകുന്നതു മൂലം യാതൊരു കോവിഡ പ്രോട്ടോക്കോളും പാലിക്കാതെ അമിത നിരക്കും, കൂടുതൽ സമയവും ചിലവഴിച്ച് തിങ്ങിനിറഞ്ഞു ബസ്സുകളിൽ യാത്ര ചെയ്യാൻ ജനങ്ങൾ നിർബന്ധിതരാകുന്നു.

  സ്കൂളുകൾ, കോളേജുകൾ, സിനിമ ശാലകൾ വരെ തുറന്ന സാഹചര്യത്തിൽ റെയിൽവേ നോഡൽ ഓഫീസർ കൂടിയായ ചീഫ് സെക്രട്ടറി എത്രയും വേഗം ട്രെയിനുകൾ സർവ്വീസ് നടത്താൻ റെയിൽവേയോട് ആവശ്യപ്പെടണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽവേ യൂസേഴ്സ് അസോസിയേഷൻ ദേശീയ ചെയർമാൻ ഡോക്ടർ എ.വി.അനൂപ്, വർക്കിംഗ് ചെയർമാനും, കേരള റീജിയൻ പ്രസിഡണ്ടുമായ ഷെവലിയാർ  സി.ഇ.ചാക്കുണ്ണി,  സെക്രട്ടറിമാരായ പി.ഐ.അജയൻ, സൺ ഷൈൻ ഷൊർണൂർ എന്നിവർ ആവശ്യപ്പെട്ടു.