24 April 2024 Wednesday

സിസികേമറ ചതിച്ചു ബൈക്ക് മോഷ്ടാവ് കുടുങ്ങി ചങ്ങരംകുളത്ത് നിന്ന് മോഷണം പോയ ബൈക്ക് തിരിച്ചേല്‍പിച്ച് കള്ളന്‍

ckmnews

സിസികേമറ ചതിച്ചു ബൈക്ക് മോഷ്ടാവ് കുടുങ്ങി


ചങ്ങരംകുളത്ത് നിന്ന് മോഷണം പോയ ബൈക്ക് തിരിച്ചേല്‍പിച്ച് കള്ളന്‍ 


ചങ്ങരംകുളം:സിസികേമറ ചതിച്ചതോടെ ബൈക്ക് മോഷ്ടാവ് വെട്ടിലായി.ചങ്ങരംകുളത്ത് നിന്ന് കഴിഞ്ഞ ദിവസം മോഷണം പോയ ബൈക്കാണ് സിസികേമറ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അജ്ഞാതനായ കള്ളന്‍ തിരിച്ചെത്തിച്ച് മുങ്ങിയത്.കഴിഞ്ഞ ദിവസം ഉച്ചയോടെ ചിയ്യാനൂര്‍ പാടത്തെ അജ്മലിന്റെ ഉടമസ്ഥതയിലുള്ള വര്‍ക്ഷോപ്പില്‍ അറ്റകുറ്റപണികള്‍ക്കായി പള്ളിക്കര സ്വദേശി നല്‍കിയ ബൈക്കാണ് വര്‍ക്ഷോപ്പ് ഉടമ പുറത്ത് പോയ തക്കം നോക്കി യുവാവ് മോഷ്ടിച്ച് കടന്നത്.സമീപത്തെ സ്ഥാപനത്തില്‍ നിന്ന് ലഭിച്ച സിസികേമറ ദൃശ്യം സഹിതം ബൈക്ക് ഉടമയും വര്‍ക്ഷോപ്പ് ഉടമയും ചങ്ങരംകുളം പോലീസിന് പരാതി നല്‍കി.സംഭവദൃശ്യം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ ബൈക്ക് ചങ്ങരംകുളത്ത് എത്തിച്ച് സമീപത്തെ മരുന്ന് കടയില്‍ കീ ഏല്‍പിച്ചു ഉടമ വന്ന് വാങ്ങുമെന്ന് പറഞ്ഞു.പിന്നെ ചങ്ങരംകുളത്ത് നിന്ന് ഓട്ടോ വിളിച്ച് ചിറവല്ലൂരില്‍ ഇറങ്ങി കോള്‍ ചെയ്യാനെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ വാങ്ങി വര്‍ക്ഷോപ്പ് ഉടമക്ക് വിളിച്ചു ബൈക്ക് ചങ്ങരംകുളത്ത് ഉണ്ടെന്നും കീ അവിടെ കൊടുത്ത് ഏല്‍പിച്ചിട്ടുണ്ടെന്നും അബദ്ധം പറ്റിയതാണെന്നും പറഞ്ഞ് കോള്‍ കട്ടാക്കുകയായിരുന്നു.ചങ്ങരംകുളം പോലീസ് ഓട്ടോ ഡ്രൈവറെ വിളിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഓട്ടോ വാടകക്ക് വിളിച്ച കള്ളന്‍ ഓട്ടോ ഡ്രൈവറുടെ മൊബൈലില്‍ നിന്നാണ് വര്‍ക്ഷോപ്പ് ഉടമക്ക് കോള്‍ ചെയ്തതെന്ന് മനസിലായത്.കള്ളനെ തിരിച്ചറിഞ്ഞില്ലെങ്കിലുംനഷ്ടപ്പെട്ട ബൈക്ക് തിരിച്ച് കിട്ടിയ ആശ്വാസത്തിലാണ് വര്‍ക്ഷോപ്പ് ഉടമയും,ബൈക്ക് ഉടമയും.