20 April 2024 Saturday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ പിണ്ടി പെരുന്നാൾ (ദന ഹ)ആഘോഷിച്ചു

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ  യേശുദേവൻ്റെ മാമ്മോദീസയെ അനുസ്മരിച്ച് ദനഹ പെരുന്നാൾ (പിണ്ടി പെരുന്നാൾ ) ആഘോഷിച്ചു.

ചൊവ്വാഴ്ച രാത്രി സന്ധ്യാനമസ്ക്കരത്തിനു ശേഷം യെൽദോ ചാപ്പലിൽ ഇരുപത്തടി  ഉയരത്തിലുള്ള   അലങ്കരിച്ച പിണ്ടിയിൽ  ഫാ.ജെക്കബ് കക്കാട്ട് ആദ്യ  തിരിതെളിയിച്ചു. 

 പള്ളിയിൽ തിരിതെളിഞ്ഞതോടെ അങ്ങാടിക്ക് ചുറ്റുമുള്ള വീടുകൾക്ക് മുന്നിൽ ഒരുക്കിയ പിണ്ടികളിൽ കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗവും തിരി കത്തിച്ചു.   കൂടാതെ വീട്ടുമുറ്റങ്ങളിൽ  മൺചിരാതുകളും ,മെഴുകുതിരികളും കത്തിച്ചും , വൈദ്യുതി ദീപാലങ്കാരങ്ങളാലും വെളിച്ചത്തിൻ്റെ ആഘോഷത്തിന് വരവേറ്റു. 

ബുധനാഴ്ച രാവിലെ ഫാ.ജെക്കബ് കക്കാട്ട് ദനഹ പെരുന്നാൾ ശൂശ്രഷകൾക്ക്  കാർമ്മികത്വം വഹിച്ചു. വെള്ളം വാഴ്വിൻ്റെ ശൂശ്രൂഷയും ,കുർബ്ബാനയും  നടന്നു.  വാഴ്ത്തിയ വെള്ളം വിശ്വാസികൾ  ഭവനങ്ങളിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച വൈകീട്ടും പിണ്ടിയിൽ തിരി തെളിയിച്ചു. എല്ലാ വർഷവും ജനുവരി 5 ,6 ദിവസങ്ങളിലാണ്  ലോകത്തെമ്പാടുമുള്ള സുറിയാനി ക്രിസ്താനികൾ ദനഹ പെരുന്നാൾ  ആഘോഷിക്കുന്നത്