28 March 2024 Thursday

സമരം തുടരുമ്ബോഴും അരി കയറ്റുമതി റെക്കോഡിലേക്ക്; ആദ്യമായി വിയറ്റ്‌നാമും

ckmnews

പുതിയ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ ഒരു വിഭാഗം സമരം തുടരുമ്ബോഴും ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതി റെക്കോഡിലേക്ക്. ഇതാദ്യമായി വിയറ്റ്‌നാമും ഇന്ത്യയില്‍ നിന്ന് ബസ്മതി അരിയടക്കം വാങ്ങിത്തുടങ്ങി. അടുത്തിടെ ചൈനയും ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ അരി വാങ്ങിയിരുന്നു. കൊറോണയ്ക്കിടയിലും ഇന്ത്യയുടെ അരി കയറ്റുമതിയില്‍ 70 ശതമാനം വര്‍ദ്ധന.

ഇന്ത്യയില്‍ നിന്നുള്ള സാധാരണ അരിക്ക് പശ്ചിമാഫ്രിക്ക, തെക്കു കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ വലിയ ഡിമാന്‍ഡാണ് ഇപ്പോള്‍. ഈ സാമ്ബത്തിക വര്‍ഷത്തെ ആദ്യ ആറു മാസം കൊണ്ട് കയറ്റുമതി 70 ശതമാനം കൂടി 7.5 മില്ല്യണ്‍ ടണ്ണിലെത്തി. ഈ ആറു മാസം കൊണ്ട് കയറ്റുമതി 30,609 കോടി രൂപയുടേതായി. സെപ്തംബര്‍ വരെയായി ബസ്മതിയല്ലാത്ത 5.08 മില്ല്യണ്‍ ടണ്‍ അരിയാണ് ഇന്ത്യ കയറ്റി അയച്ചത്. അടുത്ത വര്‍ഷത്തോടെ ഇത് 10 മില്ല്യണ്‍ ടണ്‍ ആകും.

ബെനിന്‍, കേപ്‌വെര്‍ദേ, ഘാന, മാലി, നൈജീരിയ, സെനഗല്‍, സിയാറ ലിയോണ്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്ന് വലിയതോതില്‍ അരി വാങ്ങുന്നത്. ചൈന ഏപ്രില്‍-സെപ്തംബര്‍ മാസത്തില്‍ 84 ടണ്‍ അരി വാങ്ങിയെങ്കില്‍ കഴിഞ്ഞ മാസം കൂടുതല്‍ അരിക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ചൈന ഇന്ത്യയില്‍ നിന്ന് അരി വാങ്ങുന്നത്. തായ്‌ലന്‍ഡ്, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നിവരായിരുന്നു ചൈനയ്ക്ക് വലിയ തോതില്‍ അരി നല്‍കിയിരുന്നത്.

ഇന്ത്യയാണ് ലോകത്തെ ഏറ്റവും വലിയ അരി കയറ്റുമതിക്കാര്‍, ചൈന ഇറക്കുമതി രാജ്യവും. ലോകത്തെ മൂന്നാമത്തെ അരി കയറ്റുമതിക്കാരായ വിയറ്റ്‌നാം ഇതാദ്യമായി ഇന്ത്യയില്‍ നിന്ന് അരി വാങ്ങിത്തുടങ്ങി. ആഭ്യന്തര വില വന്‍തോതില്‍ കൂടിയ സാഹചര്യത്തിലാണിത്. അരിക്ക് ഒന്‍പതു വര്‍ഷത്തെ ഏറ്റവും കൂടിയ വിലയാണ് വിയറ്റ്‌നാമില്‍ ഇപ്പോള്‍. 70,000 ടണ്‍ അരിക്കാണ് വിയറ്റ്‌നാം ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്.

അതിനിടെ, യൂറോപ്യന്‍ രാജ്യങ്ങളായ ബെല്‍ജിയവും നെതര്‍ലാന്‍ഡ്‌സും ഇന്ത്യയില്‍ നിന്ന് കൂടിയ തോതില്‍ ബസ്മതി അരി ഇറക്കുമതി ചെയ്തു തുടങ്ങി. ഇതിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്കാണ്. ബെല്‍ജിയത്തിലേക്കുള്ള കയറ്റുമതി 60 ശതമാനമാണ് കൂടിയത്. നെതര്‍ലാന്‍ഡ്‌സിലേക്കുള്ളത് ഇരട്ടിയായി.