25 April 2024 Thursday

മദ്യവില കൂട്ടാന്‍ ബെവ്കോ; തീരുമാനം സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കുമെന്ന് സൂചന

ckmnews

സംസ്ഥാനത്ത് മദ്യവില കൂട്ടുന്നു. നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ദ്ധനയുണ്ടാകും. ബെവ്കോയുടെ തീരുമാനം സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കുമെന്നാണ് സൂചന. ആനുപാതികമായി നികുതിയും കൂടുന്നതോടെ മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറു രൂപയെങ്കിലും വില വര്‍ദ്ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.


മദ്യം ഉത്പാദിപ്പിക്കുന്നതിനുളള എക്‌സ്‌ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില കണക്കിലെടുത്താണ് ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യം വാങ്ങുന്നതിനുളള കരാര്‍ ഉറപ്പിക്കുന്നത്. സ്‌പിരിറ്റിന് ലിറ്ററിന് 35 രൂപ വിലയുണ്ടായിരുന്നപ്പോള്‍ ഉറപ്പിച്ച ടെന്‍ഡറനുസരിച്ചാണ് ഇപ്പോഴും ബെവ്കോക്ക് മദ്യം ലഭിക്കുന്നത്. എന്നാല്‍ സ്‌പിരിറ്റിന് ലിറ്ററിന് 60 രൂപ കടന്നിട്ടും കമ്ബനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് വിലകൂട്ടിയിരുന്നില്ല.


അതേസമയം, കൊവിഡ് കാലത്തെ വരുമാന നഷ്‌ടം കണക്കിലെടുത്ത് മദ്യത്തിന്റെ എക്സൈസ് നികുതി 35 ശതമാനം ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്കോ ഡയറക്‌ടര്‍ ബോര്‍ഡ് യോഗമാണ് വിതരണക്കാരില്‍ നിന്നും മദ്യം വാങ്ങുന്നതിനുളള അടിസ്ഥാന വിലയില്‍ ഏഴ് ശതമാനം വര്‍ദ്ധനയ്‌ക്ക് തീരുമാനമെടുത്തത്. നയപരമായ കാര്യമായതിനാല്‍ അന്തിമ തീരുമാനം സര്‍ക്കാരിന് വിട്ടിരിക്കുകയാണ്. ആനുപാതിക നികുതി വര്‍ദ്ധന കണക്കിലെടുക്കുമ്ബോള്‍ ലിറ്ററിന് കുറഞ്ഞത് നൂറ് രൂപയുടെ വര്‍ദ്ധനവുണ്ടാകും.