28 March 2024 Thursday

വിലയിടിഞ്ഞ് കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍

ckmnews

കൊക്കോ വില ഇടിവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. കൊവിഡ് വ്യാപനമാണ് വിലയിടിയാന്‍ കാരണം. ഓരോ മേഖലയിലെ കാലാവസ്ഥ വ്യതിയാനവും വില കുറയാന്‍ കാരണമായി. വില കുറഞ്ഞാലും നല്ല വിളവുണ്ടായിരുന്നെങ്കില്‍ താത്കാലിക ആശ്വാസമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഉണങ്ങിയ പരിപ്പിന് കിലോയ്ക്ക് ഇരുന്നൂറു രൂപ വരെ കിട്ടിയിരുന്ന സ്ഥലത്ത് ഇപ്പോള്‍ നൂ​റ്റിമുപ്പതില്‍ താഴെ മാത്രമാണ് വിപണിയില്‍ വില കിട്ടുന്നത്. പച്ചകായയ്ക്ക് അറുപതില്‍നിന്ന് മുപ്പത്തിയഞ്ചായി കുറഞ്ഞു. റബറിന് വില കുറഞ്ഞ കാലത്താണ് പ്രദേശത്ത് കൊക്കോ കൃഷി വ്യാപകമായത്. റബര്‍ കൃഷിയും കുരുമുളക് കൃഷിയും നഷ്ടത്തിലായി നട്ടംതിരിഞ്ഞ കാലത്ത് കൊക്കോയില്‍ നിന്നുള്ള വരുമാനമാണ് കര്‍ഷകരെ നിലനിര്‍ത്തിയത്. റബറില്‍നിന്നുള്ള വരുമാനം കുറയുന്ന മഴക്കാലങ്ങളില്‍ കൊക്കോ കര്‍ഷകര്‍ക്ക് ആശ്രയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ റബര്‍ വില മെച്ചപ്പെട്ടപ്പോള്‍ കൊക്കോ വില താഴേക്കെത്തി. പൊതു മേഖല സ്ഥാപനമായ കാംകോയും കാഡ്ബെറീസുമാണ് കൊക്കോ പ്രധാനമായും വാങ്ങിയിരുന്നത്. കൊവിഡിലെ വില്പന മാന്ദ്യത്തോടെ ഇവര്‍ പെട്ടെന്ന് വിപണിയില്‍ നിന്ന് പിന്‍വാങ്ങി. അപ്പോഴും ഇടത്തരം വ്യാപാരികള്‍ കൊക്കോ പരിപ്പ് വാങ്ങല്‍ തുടര്‍ന്നെങ്കിലും വിപണിയില്‍ എടുക്കാന്‍ ആളില്ലെന്ന കാര്യം പറഞ്ഞ് വില പെട്ടെന്ന് കുറയ്ക്കുകയായിരുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. പ്രധാന വ്യാപാരികള്‍ കച്ചവടത്തില്‍ നിന്ന് പിന്തിരിയുകയും ചെറുകിട വ്യാപാരികള്‍ പരിപ്പ് എടുക്കുകയും ചെയ്യുന്നതില്‍ വന്‍ ഒത്തു കളിയാണെന്നാണ് കര്‍ഷകരുടെ പക്ഷം.

ചെടികള്‍ക്ക് രോഗബാധ

ചെടികള്‍ക്കുണ്ടാകുന്ന രോഗബാധയും ഇപ്പോള്‍ കൊക്കോയുടെ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. കുമിള്‍രോഗം വ്യാപകമായതോടെ കായകള്‍ കറുത്ത് ചീഞ്ഞുപോവുകയാണ് ചെയ്യുന്നത്. ചെടികള്‍ ഉണങ്ങുന്നതിനൊപ്പം കായകള്‍ ചീഞ്ഞുപോകുന്നതും കൊക്കോ കര്‍ഷകരെ വലയ്ക്കുന്നു. കുമിള്‍രോഗത്തിന് ബോര്‍ഡോ മിശ്രിതമാണ് പരിഹാരമായി കൃഷി വകുപ്പ് നിര്‍ദേശിക്കുന്നത്. ഇത് ഫലപ്രദമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. മരങ്ങള്‍ പൂവിടുന്ന സമയത്താണ് രോഗബാധ കൂടുന്നത്.

പ്രതിരോധ മരുന്നിന് വില കൂടുതല്‍

കൊക്കോമരങ്ങള്‍ക്ക് മെച്ചപ്പെട്ട പരിചരണം ലഭിച്ചാല്‍ മാത്രമെ മഴക്കാലത്ത് കായ്കള്‍ അധികമായി ചീഞ്ഞുപോകാതെ നല്ല വിളവ് കിട്ടൂ. രോഗം പ്രതിരോധിക്കാന്‍ വലിയ വില കൊടുത്ത് മരുന്നുകള്‍ വാങ്ങേണ്ട സാഹചര്യം കൂടുതല്‍ ബാദ്ധ്യത വരുത്തിവെയ്ക്കുമെന്നും കര്‍ഷകര്‍ പറയുന്നു. വിലക്കുറവിന്റെ കാലത്ത് മരുന്നിനു കൂടി പണം മുടക്കാന്‍ കര്‍ഷകര്‍ തയ്യാറാകുന്നില്ല.