24 April 2024 Wednesday

രാത്രി 9 വരെ മാത്രം പ്രദര്‍ശനം, ആളുകൾ 50 ശതമാനം; തിയേറ്ററുകള്‍ക്ക് മാര്‍ഗനിര്‍ദേശം

ckmnews




തിരുവനന്തപുരം∙ ഇടവേളയ്ക്കു ശേഷം തുറക്കാനൊരുങ്ങുന്ന സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ക്ക് മാര്‍ഗനിര്‍ദേശം. പ്രവര്‍ത്തനസമയം രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ്. ഒന്നിടവിട്ട സീറ്റുകളില്‍ ആളുകളെ ഇരുത്തണം. അടച്ചിട്ട സ്ഥലങ്ങളിലും ആള്‍ക്കൂട്ടങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒന്നിടവിട്ട് സീറ്റുകള്‍ ക്രമീകരിക്കണം. സീറ്റുകളുടെ 50 ശതമാനത്തിലധികം ആളുകള്‍ പാടില്ല. മള്‍ട്ടിപ്ലക്സുകളില്‍ ഒാരോ ഹാളിലും വ്യത്യസ്ത സമയങ്ങളില്‍ പ്രദര്‍ശനം ക്രമീകരിക്കണം.  ജീവനക്കാര്‍ കോവിഡ് നെഗറ്റീവായിരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.ലക്ഷണങ്ങളുള്ളവരെ തിയേറ്ററിലേക്ക് അനുവദിക്കരുത്. ചൊവ്വാഴ്ച മുതലാണു സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കാൻ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട പ്രത്യേക പാക്കേജിൽ തീരുമാനമാകാത്തതിൽ തുടങ്ങി പ്രേക്ഷകരെ തിരിച്ചെത്തിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ആശങ്കയിലാണ് തിയേറ്റര്‍ ഉടമകള്‍. തുടർനടപടികൾ ചർച്ച ചെയ്യാൻ തിയേറ്ററുടമകളുടെ ഫിയോക്ക് ഉള്‍പ്പടെയുള്ള സിനിമ സംഘടനകള്‍ അടുത്തയാഴ്ച കൊച്ചിയില്‍ യോഗം ചേരും. സർക്കാർ നിശ്ചയിച്ച ചൊവ്വാഴ്ച തിയേറ്ററുകൾ തുറന്നാലും പുതിയ ചിത്രങ്ങളുടെ റിലീസ് ഉടന്‍ ഉണ്ടാകില്ല. ബാധ്യത തീര്‍ക്കാതെ സിനിമ നല്‍കാനാവില്ലെന്നു വിതരണക്കാരുടെ സംഘടന വ്യക്തമാക്കി.തിയേറ്ററിലെ പകുതി സീറ്റില്‍ മാത്രം പ്രേക്ഷകര്‍ക്ക് പ്രവേശനം എന്ന സർക്കാർ മാനദണ്ഡവും വലിയ പ്രതിസന്ധിയുണ്ടാക്കും. പത്ത് മാസം അടഞ്ഞു കിടന്ന തിയറ്ററുകളിലെ വൈദ്യുതി മെയിന്റനൻസ് ചാർജടക്കം ഉടമകൾക്ക് വരുത്തിയ സാമ്പത്തിക പ്രതിസന്ധി വളരെ വലുതാണ്. ഇതിനിടയിൽ ഇനി എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് സർവ സുരക്ഷയും ഒരുക്കിയാലും ഈ കോവിഡ് കാലത്ത് ജനം തിയറ്ററിലേക്ക് എത്തുമോയെന്ന വലിയ ചോദ്യവും അവശേഷിക്കുന്നു. കോവിഡ് കാലത്തിന് മുന്‍പ് തയാറായതടക്കം എണ്‍പത്തിയെട്ട് മലയാള സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്തേണ്ടത്