29 March 2024 Friday

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി കള്ളന്റെ വേഷം കെട്ടി ഒടുവില്‍ പോലീസ് പിടിയില്‍

ckmnews

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി കള്ളന്റെ വേഷം കെട്ടിയ യുവാവിനെ ഒടുവില്‍ പോലീസ് പിടികൂടി. പയ്യാനക്കല്‍ മുല്ലത്ത് വീട്ടില്‍ ആദര്‍ശ് (22) ആണ് പിടിയിലായത്. ഇയാള്‍ക്ക് എതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തു. ഒരു മാസത്തോളം മാറാട്, ബേപ്പൂര്‍ ഭാഗങ്ങളില്‍ വീടുകളുടെ വാതിലില്‍ തട്ടുകയും പൈപ്പ് തുറന്നിടുകയും കല്ലെറിയുകയും ചെയ്തുവരികയായിരുന്നു ആദര്‍ശ് എന്ന് പൊലീസ് പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ വേണ്ടിയാണ് പ്രതി രാത്രി ഏഴുമണിയോടെ 'കള്ളന്‍' വേഷമിടുന്നതെന്നു പൊലീസ് പറഞ്ഞു. ഒരു പ്രദേശത്ത് വീടിന്റെ വാതിലില്‍ മുട്ടിയ ശേഷം തന്റെ ബൈക്കില്‍ രക്ഷപ്പെട്ടു മറ്റൊരിടത്തും ഇത് ആവര്‍ത്തിക്കും. പൊലീസിന്റെ കണ്ണുവെട്ടിക്കാനാണ് ഊടുവഴികള്‍ തിരഞ്ഞെടുത്തത്. വരുന്ന വഴിയില്‍ കയ്യില്‍ കരുതിയ കല്ല് റോഡിന്റെ ഇരുവശത്തുമുള്ള വീടുകള്‍ക്കു നേരെ എറിയുകയും ചെയ്യും. ആളില്ലാത്ത വീടുകളില്‍ പുറത്തെ പൈപ്പ് തുറന്നിടും. കള്ളനെ തിരഞ്ഞ് പ്രദേശവാസികള്‍ മുഴുവന്‍ റോഡിലിറങ്ങുന്നതു പതിവാണ്. ഈ സമയത്ത് പെണ്‍കുട്ടിയെ വീട്ടില്‍കയറി പീഡിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ലോക്ഡൗണ്‍ കാലത്തുപോലും ജനങ്ങള്‍ കള്ളനെ പിടിക്കാന്‍ പുറത്തിറങ്ങുന്ന സ്ഥിതി എത്തിയതോടെ സൗത്ത് അസി.കമ്മിഷണര്‍ എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രംഗത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം മാറാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വിനോദന്റെ നിര്‍ദ്ദേശപ്രകാരം ആളുകള്‍ കള്ളനെ പിടിക്കാന്‍ പുറത്തിറങ്ങിയില്ല. റോഡില്‍ ആളുകളെ കാണാത്തതിനാല്‍ പന്തികേടു തോന്നിയ പ്രതി ഒരു വീടിന്റെ കുളിമുറിയില്‍ കയറി ഒളിച്ചു. കുളിമുറിയിലേക്കു വന്ന സ്ത്രീ പ്രതിയെക്കണ്ട് ഒച്ചവച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പ്രതിയെ വ്യക്തമായി കണ്ട സ്ത്രീയില്‍ നിന്നും വീട്ടുകാരില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. സിസിടിവി ചിത്രങ്ങളും പരിശോധിച്ചു. തുടര്‍ന്ന് ആളെത്തിരിച്ചറിഞ്ഞു താമസസ്ഥലത്തെത്തിയപ്പോള്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. ലഹരി ഉപയോഗിക്കുന്ന ചില ചെറുപ്പക്കാര്‍ കറുപ്പും വെളുപ്പും വസ്ത്രമണിഞ്ഞ് അലഞ്ഞു നടന്നതും 'കള്ളനു' സഹായമായി. ഇങ്ങനെ രാത്രി കറങ്ങിനടന്ന ആറുപേര്‍ക്കെതിരെ ലോക്ഡൗണ്‍ ലംഘിച്ചതിന് കേസ് റജിസ്റ്റര്‍ ചെയ്തു.