25 April 2024 Thursday

എയര്‍ കണ്ടീഷണര്‍- ഫാന്‍ കടകൾ , കണ്ണടക്കടകള്‍ തുടങ്ങിയവയ്ക്ക് ഇളവ് കണ്ണട ഷോപ്പുകള്‍ തിങ്കളാഴ്ച മാത്രം തുറക്കാം

ckmnews

തിരുവനന്തപുരം:എയർ കണ്ടീഷണർ കടകൾ, ഫാൻ കടകൾ,കണ്ണടക്കടകൾ തുടങ്ങിയവ പ്രവർത്തിപ്പിക്കുന്നതിന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പുറത്തിറങ്ങി.ഉത്തരവിലെ നിർദേശങ്ങൾ എയർ കണ്ടീഷണർ, ഫാൻ എന്നിവ വിൽക്കുന്ന കടകൾക്ക് എല്ലാ ഞായറാഴ്ചയും രാവിലെ പത്തുമണി മുതൽ വൈകുന്നേരം അഞ്ചുമണിവരെ പരമാവധി മൂന്നു ജീവനക്കാരെ നിയോഗിച്ചു കൊണ്ട് തുറന്നുപ്രവർത്തിക്കാം. 

വയോജനങ്ങൾക്ക് കണ്ണടകൾ സംബന്ധിച്ച തകരാറുകൾ പരിഹരിക്കുന്നതിനും പുതിയ കണ്ണടകൾ വാങ്ങുന്നതിനും സഹായകമാകുന്ന രീതിയിൽ കണ്ണടകൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകൾക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തുമണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ പരമാവധി രണ്ടു ജീവനക്കാരെ നിയോഗിച്ചു കൊണ്ട് തുറന്നു പ്രവർത്തിക്കാം. കളിമൺ ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാർ ഒരു വർഷത്തേക്കുള്ള മണ്ണ് സംഭരിക്കുന്ന കാലമായതിനാൽ തൊഴിലാളികളുടെ എണ്ണം പരമാവധി കുറച്ച് മണ്ണ് ശേഖരിക്കാവുന്നതാണ്. വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ബീഡി തൊഴിലാളികൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ സ്ഥാപനങ്ങളിൽനിന്ന് വീട്ടിലെത്തിക്കുന്നതിനും തെറുത്ത ബീഡികൾ വീട്ടിൽനിന്ന് തിരികെ സ്ഥാപനങ്ങളിലെത്തിക്കുന്നതിനും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ അത്തരം പ്രവൃത്തികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ തിങ്കൾ, ചൊവ്വ, ദിവസങ്ങളിൽ പരമാവധി ജീവനക്കാരെ കുറച്ച് തുറന്നുപ്രവർത്തിക്കാവുന്നതും ഈ ആവശ്യത്തിനായി തൊഴിലാളികൾക്ക് യാത്ര ചെയ്യാവുന്നതുമാണ്. മേൽപ്പറഞ്ഞ സ്ഥാപനങ്ങളും തൊഴിലാളികളും പ്രവർത്തിക്കുമ്പോൾ കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കാനുള്ള ബ്രേക്ക് ദ ചെയിൻ പരിപാടിയുടെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.കംപ്യൂട്ടര്‍, സ്പെയര്‍പാര്‍ട്സ്, മൊബൈല്‍ ഷോപ്പുകള്‍, മൊബൈല്‍ റീചാര്‍ജ് സെന്ററുകള്‍ എന്നിവയ്ക്ക് ആഴ്ചയില്‍ ഒരു ദിവസം തുറന്നു പ്രവര്‍ത്തിക്കാന്‍ മുന്നേ അനുമതി നല്‍കിയിരുന്നു.

മൊബൈല്‍ ഷോപ്പുകള്‍ക്ക് ഞായറാഴ്ചയും വര്‍ക്ക് ഷോപ്പുകള്‍ക്ക് ഞായര്‍, വ്യാഴം ദിവസങ്ങളില്‍ തുറക്കാം. ഇവയുടെ പ്രവര്‍ത്തത്തിനായി ഈ ദിവസങ്ങളില്‍ സ്പെയര്‍ പാര്‍ട്സ് കടകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്.

കൂടാതെ, ആശുപത്രികളില്‍ അടിയന്തിര ചികിത്സക്ക് രക്തം കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്തദാനത്തിന് സന്നദ്ധരാകുന്നവര്‍ ഈ അവസരത്തില്‍ മുന്നോട്ട് വരണം. മൊബൈല്‍ യൂണിറ്റ് വഴിയും രക്തം ശേഖരിക്കാനുള്ള സംവിധാനമുണ്ടാകും. നേരത്തെ തന്നെ രക്തദാന സേന രൂപീകരിച്ച സ്ഥാപനങ്ങളും സംഘടനകളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.