24 April 2024 Wednesday

സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഇനി 21 പൂര്‍ത്തിയാകണം

ckmnews

സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പന്നങ്ങള്‍ 21 വയസിനു മുകളില്‍ പ്രായമായവര്‍ക്കു മാത്രമെ വില്‍ക്കവൂ എന്ന നിയമഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ 18 വയസാണ് പ്രായപരിധി നിശ്ചയിച്ചിരുന്നത്. ഇതു സംബന്ധിച്ച ഭേദഗതി നിയമത്തിന്റെ കരട് പൂര്‍ത്തിയായതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ നിയമ ഭേദഗതി കൊണ്ടുവരുന്നത്. 21 വയസില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് കുറ്റകരമാണെന്നതാണ് നിയമത്തിലെ പ്രധാന ഭേദഗതി. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നൂറു മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് പുകയില വില്‍ക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

പൊതു സ്ഥലങ്ങളില്‍ പുകവലിച്ചാലുള്ള പിഴ 200 രൂപയില്‍ നിന്ന് 2,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. കേടുപാടുകള്‍ കൂടാതെ യഥാര്‍ത്ഥ പാക്കിംഗിലാകണം പുകയില ഉള്‍പന്നങ്ങള്‍ വില്‍ക്കേണ്ടതെന്ന് സെക്ഷന്‍ ഏഴില്‍ വരുത്തിയിരിക്കുന്ന ഭേദഗതിയിലും വ്യക്തമാക്കുന്നു. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ആദ്യതവണ ലക്ഷം രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ച് ലക്ഷം രൂപ പിഴയും അഞ്ച് വര്‍ഷം വരെ തടവുമാണ് ശിക്ഷ.