24 April 2024 Wednesday

കേരളത്തില്‍ വാക്സിന്‍ ഡ്രൈറൺ ഇന്ന് തുടങ്ങും

ckmnews

കേരളത്തില്‍ വാക്സിന്‍ ഡ്രൈറൺ ഇന്ന് തുടങ്ങും


തിരുവനന്തപുരം:കോവിഡ്‌ വാക്‌സിൻ വിതരണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഡ്രൈറൺ ഇന്ന് കേരളത്തിൽ.തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് വാക്‌സിൻ ഡ്രൈറണ്‍. രാവിലെ ഒന്‍പതു മുതല്‍ പതിനൊന്ന് വരെയാണ് ഡ്രൈ റണ്‍.


ആദ്യ ഘട്ടത്തില്‍ വാക്‌സിൻ ലഭിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധികളായി 25 പേര്‍ വീതം ഓരോ കേന്ദ്രത്തിലും ഡ്രെെറണ്ണിൽ പങ്കെടുക്കും. മൂന്നുലക്ഷത്തി പതിമൂവായിരം ആരോഗ്യ പ്രവര്‍ത്തരാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പേരൂ‍ര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ കേന്ദ്രത്തില്‍ മന്ത്രി കെ.കെ.ശൈലജ ഡ്രെെ റണ്ണിൽ പങ്കെടുക്കും. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളില്‍, മറ്റ് ജില്ലകളില്‍ ഒരിടത്ത് വീതമാണ് ഡ്രൈറണ്‍.


വാക്‌സിൻ വിതരണരീതിയിലെ പാകപ്പിഴകൾ കണ്ടെത്താനുള്ളതാണ് ഡ്രൈറൺ. ഡിസംബർ 28,29 തീയതികളിൽ നാല് സംസ്ഥാനങ്ങളിൽ ഡ്രെെ റൺ നടത്തിയിരുന്നു. മികച്ച രീതിയിലാണ് ഇത് നടന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു. ഈ മാസം തന്നെ കോവിഡ് വാക്‌സിൻ വിതരണം ആരംഭിക്കാമെന്നാണ് ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്.


അതേസമയം, കോവിഡ് വാക്‌സിൻ വിതരണത്തിനു കേരളം പൂർണ സജ്ജമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ പറഞ്ഞു. വാക്‌സിൻ ലഭ്യമായിത്തുടങ്ങിയാല്‍ അത് വളരെ പെട്ടന്ന് ജനങ്ങളിലേക്കെത്തിക്കും. വാക്‌സിന്‍ വിതരണത്തിന്റെ മുന്‍ഗണനാ പട്ടിക, വാക്‌സിന്‍ സംഭരണം, വാക്‌സിന്‍ വിതരണത്തിനുള്ള വളണ്ടിയര്‍മാര്‍, അതിനുള്ള പരിശീലനം എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്