ചാലിശ്ശേരിക്ക് അഭിമാനമായി കെ.സിദ്ധാർത്ഥ്കൃഷ്ണ ദേശീയ ബാലശാസ്ത്ര പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടത് പുതുവർഷ സമ്മാനമായി
ചങ്ങരംകുളം:പിടിബി സ്മാരക ദേശീയ ബാലശാസ്ത്ര മൽസരത്തിൽ ഹൈസ്കൂൾ വിഭാഗം ബാലശാസ്ത്ര ദേശീയ പ്രതിഭ യായി ചാലിശ്ശേരി സ്വദേശി കെ സിദ്ധാർത്ഥ് കൃഷ്ണ യെ തിരഞ്ഞെടുത്തുത് ഗ്രാമത്തിന് പുതുവൽസര സമ്മാനമായി.
പൊതുവിദ്യഭ്യാസ വകുപ്പ് ,സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് ,മലയാള മിഷൻ ,പി.ടി.ബി സ്മാരക ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ എഴുത്തുകാരനായ പി.ടി.ഭാസ്കര പണിക്കരുടെ സ്മാരണാർത്ഥമാണ് ദേശീയ ബാലശാസ്ത്രോൽസവം പരിപാടി സംഘടിപ്പിച്ചത്.
ഓൺലൈൻ വഴി മൂന്ന് ഘട്ടങ്ങളിലായാണ് മൽസരം നടന്നത്. മഹാമാരിയും മാനവികതയും എന്ന വിഷയത്തിൽ അമ്പതിലധികം പേജുകളിലായി തയ്യാറാക്കിയ പ്രൊജക്ട് , പ്രസംഗം ,ക്വിസ് എന്നിവയിൽ മികച്ച പോയിൻ്റ് നേടിയാണ് വിദ്യാർത്ഥി ഹൈസ്കൂൾ വിഭാഗത്തിൽ ദേശീയ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്
പള്ളിപ്പുറം പരുതൂർ എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ സിദ്ധാർത്ഥ് ചെറുപ്രായത്തിൽ തന്നെ സംസ്ഥാന തലത്തിൽ 2014ൽ അക്ഷരമുറ്റം ക്വിസ് , 2018ൽ സ്വദേശ് ക്വിസ് മൽസരങ്ങളിൽ വിജയിയായിരുന്നു.
സംസ്കൃത അക്ഷര ശ്ലോകം , പ്രസംഗം എന്നിവയിലും കേരള കലാരൂപങ്ങളായ കഥകളി , ഓട്ടംതുള്ളൽ എന്നിവയിലും , സംഗീതവാദ്യമായ തബലയിൽ ശ്രുതിമധുരമായ വാദനം സൃഷ്ടിച്ചാണ് ജില്ല - സംസ്ഥാന തലങ്ങളിൽ ഏറെ ശ്രദ്ധേനായത്.
കഴിഞ്ഞാഴ്ച മലയാള കലാകാരന്മാരുടെ ദേശീയസംഘടന നന്മയുടെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ കലോൽസവത്തിൽ തബലയിലും ,പ്രസംഗത്തിലും പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം നേടി.പെരുമണ്ണൂർ ചൈതന്യ ലൈബ്രറി ബാലവേദി അംഗമായ സിദ്ധാർത്ഥ് ലൈബ്രറിയുടെ ഓട്ടോമേഷൻ പ്രവർത്തനത്തിൻ്റെ മുഖ്യ ചുമതലക്കാരനാണ്
നിരവധി പുരസ്ക്കാരങ്ങൾ കൊച്ചുമിടുക്കൻ ഇതിനകം നേടിയിട്ടുണ്ട്.
ചാലിശ്ശേരി മെയിൻ റോഡ് കോടങ്ങാട്ടിൽ വീട്ടിൽ പരുതൂർ എച്ച് എസ് എസ് അദ്ധ്യാപകൻ ജയരാജ് - തൃശൂർ ഗവ: മോഡൽ ഗേൾസ് വെക്കേഷൻ ഹയർസെക്കണ്ടറി സ്കൂൾ അദ്ധ്യാപിക രേഖ എന്നിവരുടെ ഏക മകനാണ്.
ചെറുപ്രായത്തിൽ നേടിയ സകല അറിവും ,വിവേകവും തുറന്ന പുസ്തകമാക്കി മാറ്റുകയാണ് ഈ വിദ്യാർത്ഥി.