28 March 2024 Thursday

26% മഴക്കുറവുമായി തുലാവര്‍ഷം അവസാനിച്ചു; ഏറ്റവും അധികം മഴ കുറഞ്ഞത് മലപ്പുറത്ത്

ckmnews

സീസണില്‍ കാര്യമായ മഴ ലഭിക്കാതെ ഇത്തവണത്തെ തുലാവര്‍ഷം വിട പറഞ്ഞു. ഇന്നലെ രാവിലെ ലഭിച്ച വിവരം പ്രകാരം 26% മഴയുടെ കുറവാണ് നിലവുള്ളത്. എന്നാല്‍ ഇന്നലെ പകല്‍ മദ്ധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ചിലയിടങ്ങളിും ഇടത്തരം മഴ പെയ്തു.

സാധാരണ മഴ ലഭിക്കുമെന്നുള്ള പ്രവചനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ലാനിനയും തുടര്‍ച്ചയായെത്തിയ ന്യൂനമര്‍ദങ്ങളും കിഴക്കന്‍ കാറ്റിന്റെ ഗതി മാറ്റിയതാണ് തുലാവര്‍ഷത്തിന് തിരിച്ചടിയായത്.

തുലാമഴ എത്താന്‍ വൈകിയതിനാല്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ച മഴയാണ് തുലാമഴയായി കണക്ക് കൂട്ടിയിരിക്കുന്നതില്‍ അധികവും. എന്നാല്‍ പിന്നീട് മഴ ഇടവിട്ട് ലഭിച്ചെങ്കിലും ഒരിക്കല്‍ പോലും ശക്തമായില്ല. ഇടിയോട് കൂടിയ മഴ ഇത്തവണ പലയിടത്തും കണ്ടതുമില്ല. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം(ഐഎംഡി) വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ അഥവ തുലാമഴയായി കണക്ക് കൂട്ടുക.

ഏറ്റവും അധികം മഴ കുറഞ്ഞത് മലപ്പുറത്താണ് 58%. അതേ സമയം കാസര്‍ഗോഡ് 14% മഴ കൂടി. പാലക്കാട്- 45, തൃശൂര്‍-43, തിരുവനന്തപുരം- 37, കൊല്ലം-31, വയനാട്, ആലപ്പുഴ- 29 വീതം, എറണാകുളം-17, കോഴിക്കോട്- 16, കോട്ടയം- 15, പത്തനംതിട്ട- 12, ഇടുക്കി-11, കണ്ണൂര്‍-8 ശതമാനം വീതം മഴ കുറഞ്ഞു. കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് 9 ശതമാനവും വേനല്‍ക്കാലത്ത് 7% മഴ കൂടിയിരുന്നു.

അതേ സമയം 2020ല്‍ ആകെ അഞ്ച് ചുഴലിക്കാറ്റുകളാണ് വടക്കേ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായത്. ഇതില്‍ രണ്ടെണ്ണം അറബിക്കടലിലും മൂന്നെണ്ണം ബംഗാള്‍ ഉള്‍ക്കടിലുമാണ്. ഉം-പുന്‍, നിസര്‍ഗ എന്നിവ മഴക്കാലത്തിന്റെ തുടക്കത്തിലും ഗതി, നിവര്‍, ബുറേവി എന്നിവ തുലാമഴയിലുമാണ് രൂപമെടുത്തത്. സൂപ്പര്‍ സൈക്ലോണായ ഉം-പുനും തീവ്ര ചുഴലിക്കാറ്റായ നിവറും വലിയ നാശം വിതച്ചു.

അവസാനമെത്തിയ ബുറേവി കേരളത്തെ ദിവസങ്ങളോളം മുന്‍മുനയില്‍ നിര്‍ത്തിയ ശേഷം മാന്നാര്‍ കടലിടുക്കില്‍ അവസാനിച്ചു. ഒരോ നിമിഷവും പ്രവചനങ്ങള്‍ മാറ്റി മറിച്ച ഈ ചുഴലിക്കാറ്റ് കാലാവസ്ഥ നിരീക്ഷകരെ അല്‍പ്പമൊന്ന് വട്ടം ചുറ്റിച്ചതും ചരിത്രമായി. എന്നാല്‍ ഇവിടെ കൃത്യമായ അപ്‌ഡേറ്റ് നല്‍കി ഐഎംഡി താരമായി.